ലഖ്നോ: യു.പിയിൽ മുസ്‍ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവം വിവാദമായതോടെ സ്കൂൾ താൽക്കാലികമായി പൂട്ടി. നേഹ പബ്ലിക് സ്കൂളാണ് സംഭവത്തിൽ അന്വേഷണം പൂർത്തിയാകും വരെ അടച്ചത്. അധ്യാപികക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്.
സ്കൂൾ അടക്കാനായി വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകി. അടച്ചിടുന്ന കാലയളവിൽ വിദ്യാർഥികളെ സമീപത്തെ മറ്റ് സ്കൂളുകളിൽ പഠിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ 24നാണ് നേഹ പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിൽ മുസ്‍ലിം വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തിയ അധ്യാപിക, മറ്റു വിദ്യാർഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിച്ചത്. ഇത് മറ്റൊരാൾ വിഡിയോയിൽ പകർത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ നടപടിയാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് പൊലീസ് കേസെടുത്തിരിക്കുകയാണ്.
വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച സംഭവത്തിൽ തനിക്ക് ലജ്ജയില്ലെന്നാണ് അധ്യാപിക തൃപ്ത ത്യാഗി പ്രതികരിച്ചത്. ഹോം വർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് അധ്യാപികയുടെ ന്യായീകരണം. സ്കൂളിൽ കുട്ടികളെ നിയന്ത്രിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. അവർ നിയമങ്ങളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് കുട്ടികളെ നിയന്ത്രിച്ചെ മതിയാകു. ഞങ്ങൾ അവരെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണെന്നുമായിരുന്നു തൃപ്തി ത്യാഗിയുടെ പ്രതികരണം.