ലഖ്നൗ: ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഉന്നതഉദ്യോഗസ്ഥന്റെ ആത്മഹത്യ ജോലിഭാരം മൂലമെന്ന് ആരോപണം. ടൂറിസം വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ വിമലേഷ് കുമാർ ഔദിച്യ ആണ് മുംബൈയിലെ രണ്ട് നില കെട്ടിട്ടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ജോലിഭാരം മൂലം ഇദ്ദേഹം കനത്ത സമ്മർദ്ദത്തിലായിരുന്നെന്ന് ഭാര്യ പറയുന്നു.
മുംബൈ തിലക് നഗറിലെ താരാ ഗഗൻ കെട്ടിട സമുച്ചയത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് ഔദിച്യ ചാടിയതെന്നാണ് പൊലീസ് പറയുന്നത്. ഉടൻ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉയരത്തിൽ നിന്ന് വീണപ്പോൾ ഉണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ വർഷം ലഖ്‌നൗവിൽ ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഔദിച്യയെ പിന്നീട് മുംബൈയിലേക്ക് സ്ഥലംമാറ്റിയിരുന്നു. മുംബൈയിലെ വേൾഡ് ട്രേഡ് സെന്ററിലായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ്.
ജോലിയിൽ നിന്നുള്ള സമ്മർദ്ദവും വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നതും കാരണം രണ്ട് മാസം മുമ്പ് ഔദിച്യ രാജിവെച്ചെങ്കിലും ഈ വർഷം മാർച്ച് 31 വരെ ജോലി ചെയ്യാൻ യുപി ടൂറിസം വകുപ്പ് ആവശ്യപ്പെട്ടതായി ഔദിച്യയുടെ ഭാര്യ പറഞ്ഞതായി പൊലീസ് പറഞ്ഞു. ജോലി സമ്മർദമാണ് ഔദിച്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭാര്യ ആരോപിച്ചതായും പൊലീസ് പറഞ്ഞു. ഔദിച്യയുടെ ഭാര്യ പരാതി നൽകിയില്ലെങ്കിലും പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.