ന്യൂഡൽഹി : വിദേശത്തുനിന്നു വരുന്നവർക്കുള്ള പുതുക്കിയ കോവിഡ് മാർഗരേഖ നിലവിൽ വന്നു. ക്വാറന്റീനും 8–ാം ദിവസമുള്ള ആർടിപിസിആർ പരിശോധനയും ഒഴിവാക്കി. റിസ്ക് രാജ്യങ്ങളുടെ പട്ടികയും പിൻവലിച്ചു. ക്വാറന്റീനു പകരം 14 ദിവസത്തെ സ്വയം നിരീക്ഷണം മതിയാകും. യാത്രയ്ക്ക് 72 മണിക്കൂറിനു മുൻപ് എടുത്ത ആർടിപിസിആർ ഫലം എയർ സുവിധ പോർട്ടലിൽ അപ്‍ലോഡ് ചെയ്യുന്നതിനു പകരം 2 ഡോസ് വാക്സീൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാം. റിസ്ക് രാജ്യങ്ങളിൽനിന്നു വരുന്നവർ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ സാംപിൾ നൽകേണ്ടതില്ല. രാജ്യാന്തര യാത്രക്കാരിൽ 2 ശതമാനത്തെ റാൻഡം സാംപ്ലിങ്ങിനു വിധേയമാക്കും. 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കു യാത്രയിൽ കോവിഡ് പരിശോധന ആവശ്യമില്ല.