പട്ന ∙ ജനതാദളിൽ (യു) അധികാരമില്ലാത്ത പദവിയാണു മുഖ്യമന്ത്രി നിതീഷ് കുമാർ തനിക്കു നൽകിയതെന്ന കുറ്റപ്പെടുത്തലുമായി മുതിർന്ന നേതാവ് ഉപേന്ദ്ര ഖുശ്വാഹ രംഗത്ത്. ആർഎൽഎസ്പി പാർട്ടി ജെഡിയുവിൽ ലയിപ്പിച്ചതിനു പകരമായി നൽകിയ പാർലമെന്ററി ബോർഡ് െചയർമാൻ സ്ഥാനം അധികാരമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ബോർഡിലേക്ക് ഒരംഗത്തെ പോലും നാമനിർദേശം ചെയ്യാനുള്ള അധികാരം ചെയർമാനില്ല. സംഘടനാ കാര്യങ്ങളിൽ തന്റെ നിർദേശങ്ങൾ നിതീഷ് അവഗണിച്ചുവെന്നും ഖുശ്വാഹ തുറന്നടിച്ചു.
ഭോജ്പുർ ജില്ലയിൽ തന്റെ വാഹന വ്യൂഹത്തിനു നേരെ കല്ലേറുണ്ടായെന്നും ഉപേന്ദ്ര ഖുശ്വാഹ വെളിപ്പെടുത്തി. അക്രമികളെക്കുറിച്ചു പൊലീസിനും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വിമത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉപേന്ദ്ര ഖുശ്വാഹയ്ക്കു രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ പാർട്ടിയിൽ നിന്നു രാജി വയ്ക്കണമെന്നു ജെഡിയു ബിഹാർ സംസ്ഥാന അധ്യക്ഷൻ ഉമേഷ് സിങ് ഖുശ്വാഹ ആവശ്യപ്പെട്ടു.