ചെന്നൈ : എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ.ശശികലയെ പുറത്താക്കിയ നടപടി ശരിവച്ചു മദ്രാസ് ഹൈക്കോടതി. 2016ൽ ജയലളിതയുടെ മരണശേഷം പാർട്ടി പദവിയിൽനിന്ന് മുതിർന്ന നേതാക്കളായ എടപ്പടി പളനിസ്വാമി, ഒ.പനീർസെൽവം എന്നിവർ ശശികലയെ പുറത്താക്കിയിരുന്നു. ഈ നടപടിക്കാണു കോടതി അംഗീകാരം ലഭിച്ചത്. ഉന്നത കോടതിയെ സമീപിക്കുമെന്നു ശശികല പ്രതികരിച്ചു.
2021ൽ ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയ ശശികല ഫെബ്രുവരി 8ന് തമിഴ്‌നാട്ടിൽ തിരികെയെത്തി. രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് ആദ്യം സൂചന നൽകിയെങ്കിലും പിന്നീട് രാഷ്ട്രീയത്തിലേക്കില്ല എന്നു തീരുമാനമെടുത്തു. ഇതിനിടെ, പാർട്ടിയുടെ മൂന്നാം തലമുറയിലെ അംഗങ്ങൾക്കു താൻ പാർട്ടിയെ നയിക്കുന്നതിനോടാണു താൽപ്പര്യമെന്നു ശശികല പറയുന്ന ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ജയലളിതയുടെ മരണത്തോടെ പാർട്ടി പദവി ഏറ്റെടുത്ത ശശികല 2017ൽ അനധികൃത സ്വത്തുസമ്പാദന കേസിൽ അറസ്റ്റലിലാകും വരെ അധികാര സ്ഥാനത്ത് പ്രവർത്തിച്ചു. ശശികലയ്ക്ക് അധികാരം നഷ്‌ടമായ അഞ്ചു കൊല്ലത്തിനിടെ പാർട്ടിക്കുള്ളിൽ പ്രധാന അധികാരകേന്ദ്രങ്ങളിൽ പനീർസെൽവവും പളനിസ്വാമിയും വന്നു. ശശികലയെയും അനുനായികളെയും പുറത്താക്കിയ പാർട്ടി, ഇവരെ തിരികെ വിളിക്കാനില്ലെന്നും വ്യക്തമാക്കി.