മാന്നാർ: അപ്പർ കുട്ടനാടൻ മേഖലയായ മാന്നാർ കൃഷിഭവന് കീഴിലുള്ള കുരട്ടിശ്ശേരി പുഞ്ചയിലെ ആയിരത്തി അഞ്ഞൂറോളം ഏക്കറിൽ പകുതിയോളം പാടത്തെ നെല്ല് കൊയ്യാൻ കഴിയാതെ വെള്ളത്തിൽ മുങ്ങി. നാലുതോട്, വേഴത്താർ, കണ്ടങ്കേരി, കുടവെള്ളാരി എ, ബി, ഇടപ്പുഞ്ച ഈസ്റ്റ്, വെസ്റ്റ്, അരിയോടിച്ചാൽ തുടങ്ങിയ പാടശേഖരങ്ങളിലായി 2000 ഏക്കർ വരുന്ന കുരട്ടിശ്ശേരി പുഞ്ചയിൽ 1500 ഏക്കറിലാണ് കൃഷിയിറക്കിയത്.
അപ്രതീക്ഷിതമായെത്തിയ കാലാവസ്ഥാ വ്യതിയാനം മൂലം കോടിക്കണക്കിനുരൂപയുടെ നെല്ലാണ് വെള്ളത്തിൽ മുങ്ങികിടക്കുന്നത്. കഴിഞ്ഞഎട്ടിന് കൊയ്ത്ത്നടന്ന കണ്ടങ്കേരിപ്പാടത്ത് നെല്ല്സംഭരണം നടക്കാത്തതിനാൽ പത്ത് ദിവസത്തോളമായി നെല്ല് കെട്ടിക്കിടക്കുകയാണ്. 240 ഏക്കർ വരുന്ന വേഴത്താർ പാടശേഖരത്ത് എഴുപത് ഏക്കറിൽ മാത്രമാണ് കൊയ്ത്ത് നടന്നിട്ടുള്ളത്. 170 ഏക്കർ പാടത്തെ നെല്ല്കൊയ്യാൻ കഴിയാതെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
കർഷകരിൽ ഭൂരിഭാഗവും കര്‍ഷകത്തൊഴിലാളികളാണ്. നാലുതോട് പാടത്ത് കൊയ്ത്തിനിറക്കിയ യന്ത്രത്തിന്റെ ചക്രങ്ങൾ ചെളിനിറഞ്ഞ വെള്ളത്തിൽ താണതോടെ കൊയ്യാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായി. എട്ടോളം യന്ത്രങ്ങൾ കൊയ്ത്തിനായി ദിവസങ്ങൾ കാത്ത് കിടന്നതോടെ കടക്കെണിയിലായ കർഷകർ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. തോരാത്ത മഴയിൽ നാലുതോട് 250 ഏക്കർപാടത്തെ നെല്ലാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്.