ന്യൂഡൽഹി∙ മതിയായ പരിശോധന പോലും നടത്താതെ സ്വകാര്യ മെഡിക്കല്‍ കോളജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിൽ സുപ്രീം കോടതി കേരള സർക്കാരിനോട് വിശദീകരണം തേടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെയാണ് സംഭവം. പാലക്കാട് ചെര്‍പ്പുളശേരിയിലെ റോയല്‍ എഡ്യുക്കേഷനല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ജസ്റ്റിസ് ബി.ആര്‍. ഗവായിയാണു സർക്കാരിനോടു വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. വിശദീകരണം സത്യവാങ്മൂലമായി നൽകാനും ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ബി.വി.നാഗരത്‌ന എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
വാളയാറില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി.എന്‍.പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷനല്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി നിർദ്ദേശം. പുതിയ കോളജുകള്‍ക്ക് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്ന നയപരമായ തീരുമാനം ചൂണ്ടിക്കാട്ടിയാണു തങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതെന്നു ട്രസ്റ്റിന്റെ അഭിഭാഷകൻ വാദിച്ചു.
അതേസമയം, ഇതേ കാലയളവില്‍ പരിശോധന പോലും നടത്താതെ ചെര്‍പ്പുളശേരിയിലെ റോയല്‍ എഡ്യൂക്കേഷനല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും അഭിഭാഷകൻ ആരോപിച്ചു. ഇതുസംബന്ധിച്ച വിവരാവകാശ രേഖയും കൈമാറി. തുടർന്നാണ് സർക്കാരിനോടു സുപ്രീം കോടതി വിശദീകരണം തേടിയത്.