തിരുവനന്തപുരം : എകെജി സെൻററിന് നേരെ നടന്ന അക്രമം ആസൂത്രിതമാണെന്നും പൊലീസിന് വീഴ്ച പറ്റിയെങ്കിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി. അക്രമത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന സിപിഎം നേതാക്കളുടെ ആരോപണം നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി ഏറ്റെടുത്തില്ല. പൊലീസ് ഒത്താശയോടെ സിപിഎം അറിഞ്ഞ് നടത്തിയ അക്രമമെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.
ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് അക്രമത്തിൽ പൊലീസ് വീഴ്ചയിൽ പ്രതിപക്ഷ അടിയന്തര പ്രമേയം. അസാധാരണ നടപടിക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷിയായത്. എകെജി സെന്റർ ആക്രമണം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കിയപ്പോൾ ഒഴിഞ്ഞുമാറിയെന്ന പഴി ഒഴിവാക്കാൻ ഭരണപക്ഷം ചർച്ചയ്ക്ക് തയ്യാറായി. പൊലീസ് കാവലുണ്ടായിട്ടും നടന്ന അക്രമം, മിനുട്ടിനുള്ളിൽ ഇ.പി.ജയരാജൻ സ്ഥലത്തെത്തി കോൺഗ്രസ്സിനെ കുറ്റപ്പെടുത്തി, പിന്നീടങ്ങോട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകൾ തകർത്തു. സിപിഎമ്മിനെ സംശയ നിഴലിൽ നിർത്തിയായിരുന്നു നോട്ടീസ് നൽകിയ പി.സി.വിഷ്ണുനാഥ് അടക്കമുള്ള പ്രതിപക്ഷ നിരയുടെ വിമർശനം. നാല് ദിവസമായിട്ടും പൊലീസ് ഇരുട്ടിൽ തപ്പുന്നതിന് രൂക്ഷവിമർശനവും പരിഹാസവും. എന്നാൽ പൊലീസ് അന്വേഷണത്തെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
എകെജി സെൻറർ ആക്രമണത്തിന് പിന്നിൽ ഇ.പി.ജയരാജനാണെന്ന കെ.സുധാകരന്റെ ആരോപണത്തെ രൂക്ഷമായി പിണറായി നേരിട്ടു. ഓഫീസ് അതിക്രമത്തെ അപലപിക്കാത്ത ശൈലിയിലേക്ക് കോൺഗ്രസ് മാറിയതിന് കാരണം സുധാകരൻറ ശൈലിയെന്നായിരുന്നു വിമർശനം. സ്റ്റീൽ ബോംബെന്ന് സംശയിച്ച ഇപിയെയും വലിയ സ്ഫോടന ശബ്ദം കേട്ടെന്ന പി.കെ.ശ്രീമതിയെയും പരിഹസിച്ചായിരുന്നു പ്രതിപക്ഷത്തിൻറെ കടന്നാക്രമണം.