ന്യൂയോർക്ക്: ജൂതമത വിശ്വാസികൾക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള ബില്ലിന് യു എസ് ജനപ്രതിനിധി സഭ പാസാക്കി. ബുധനാഴ്ചയാണ് 91 വോട്ടുകൾക്കെതിരെ 320 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിൽ പാസായത്. അമേരിക്കൻ സർവ്വകലാശാലകളിൽ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളും പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളും സജീവമാകുന്നതിനിടെയാണ് ബിൽ പാസാക്കുന്നതെന്നാണ് ശ്രദ്ധേയമായ വിഷയം. ബിൽ സെനറ്റിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ബില്ലിന് സെനറ്റിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ യഹൂദ വിരുദ്ധതയെ 1964 ലെ പൗരാവകാശ നിയമത്തിന്റെ കീഴിൽ ഇന്റർനാഷണൽ ഹോളോകോസ്റ്റ് റിമെംബ്രൻസ് അലയൻസ് എന്ന രീതിയിലാണ് കണക്കാക്കുക.
വംശ പരമ്പര, വംശപരമായ സവിശേഷതകൾ, ദേശപരമായ ഉത്ഭവം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം തടയുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ ബിൽ. ജൂതമത വിശ്വാസികൾക്കെതിരായ വിവേചനത്തോട് സഹിഷ്ണുത കാണിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം അടക്കമുള്ളവ നിയന്ത്രിക്കുന്നതിനുള്ള അധികാരം വിദ്യാഭ്യാസ വകുപ്പിന് നൽകുന്നതടക്കമുള്ള വ്യവസ്ഥകളാണ് ഈ ബില്ലിലുള്ളത്. അതേസമയം ഗാസയിൽ ഇതിനോടകം 34568 ഓളം പലസ്തീൻ സ്വദേശികളുടെ ജീവൻ നഷ്ടമായ യുദ്ധത്തിനെതിരായ പ്രതിഷേധം നടക്കുന്ന സർവ്വതലാശാലകളിലെ സമരം അടിച്ചമർത്താൻ വരെ ഈ ബില്ലിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ബില്ലിനെ എതിർക്കുന്നവർ വിശദമാക്കുന്നത്.
ജൂത വിരുദ്ധതയെ പുതിയ ബില്ലിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വാക്കുകളിലൂടെയോ ശാരീരികമായി അടക്കമുള്ള മറ്റ് പ്രകടനങ്ങളിലൂടെയോ പ്രകടിപ്പിക്കുന്നത് ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് കുറ്റകരമാണ്. ജൂത വിഭാഗത്തിന്റെ കൂട്ടമായി കണക്കാക്കപ്പെടുന്ന ഇസ്രയേലിന് എതിരെയുള്ള പ്രതിഷേധങ്ങൾ അടക്കം തടയുന്നതിന് അടക്കം ലക്ഷ്യമിട്ടുള്ളതാണ് ബില്ലിലെ വ്യവസ്ഥകളെന്നും വിമർശനം രൂക്ഷമാവുന്നതിനിടെയാണ് ബില്ല് വൻ ഭൂരിപക്ഷത്തിന് പാസായിരിക്കുന്നത്.