ദില്ലി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച മുൻ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി. വികാസ് യാദവ് എന്ന ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥനെ കൈമാറണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടു. വികാസ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പന്നുവിനെ വധിക്കാൻ നിർദ്ദേശം നൽകിയതെന്നാണ് അമേരിക്കയുടെ ആരോപണം. അതേസമയം വികാസ് യാദവ് ഇപ്പോൾ സർക്കാർ സർവ്വീസിൽ ഇല്ലെന്ന് ഇന്ത്യ അറിയിച്ചു.
ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു നിലവിൽ അമേരിക്കൻ പൌരനാണ്. പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് വികാസ് യാദവ് നിർദേശം നൽകി എന്നാണ് അമേരിക്കയുടെ ആരോപണം. തുടർന്ന് നിഖിൽ ഗുപ്ത ഒരു വാടക കൊലയാളിയെ ചുമതലപ്പെടുത്തി. എന്നാൽ വാടക കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് ഏൽപ്പിച്ചത് അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ ഏജന്‍റിനെയായിരുന്നുവെന്നാണ് ആരോപണം.
തുടർന്ന് നിഖിൽ ഗുപ്തയുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഏജന്‍റ് അമേരിക്കൻ സർക്കാരിന് വിവരങ്ങൾ കൈമാറി. അങ്ങനെയാണ് റോ ഉദ്യോഗസ്ഥനിലേക്ക് എത്തിയതെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട് എന്നാണ് അമേരിക്ക നിലവിൽ അറിയിച്ചിരിക്കുന്നത്. വികാസ് യാദവ് ഇപ്പോൾ സർക്കാർ സർവ്വീസിൽ എന്നല്ലാതെ കൂടുതൽ പ്രതികരണം ഇന്ത്യ നടത്തിയിട്ടില്ല.