പെണ്‍വേഷം ധരിച്ച് മാളിലെ സ്ത്രീകള്‍ക്കുള്ള ടോയിലറ്റില്‍ കയറി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ വീഡിയോ പകര്‍ത്തിയ 45-കാരന്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കു മാത്രമുള്ള ടോയിലറ്റിന്റെ ഒരു ഭാഗത്ത് മറഞ്ഞിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഒരു സ്ത്രീ ഇത് കണ്ട് ബഹളം വെച്ചപ്പോള്‍ ഇയാള്‍ ബാഗില്‍നിന്നും തോക്ക് എടുത്തു കാണിച്ച് ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു. ഇതിനു ശേഷം, മാളിനു പുറത്തുവെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ച നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഏഴ് വര്‍ഷം തടവുശിക്ഷ കഴിഞ്ഞ് ഇറങ്ങി മാസങ്ങള്‍ക്കകമാണ് വീണ്ടും അകത്തായത്.
അമേരിക്കയിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള മാളിലാണ് ക്രിസ്മസ് തലേന്ന് ഈ സംഭവം നടന്നത്. ടെക്‌സസ് സ്വേദശിയായ ഡഗ്ലസ് ഈഗന്‍ എന്ന 45-കാരനാണ് പിടിയിലായത്. സ്ത്രീകളുടെ വസ്ത്രം ധരിച്ചാണ് ഇയാള്‍ ടോയ്‌ലറ്റില്‍ കയറിയതെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ വസ്ത്രം മാറ്റി പുരുഷന്‍മാരുടെ വസ്ത്രത്തിലായിരുന്നു ഇയാളെന്ന് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ക്രിസ്മസ് തലേന്നത്തെ തിരക്കിലാണ് ഇയാള്‍ മാളിലെ വനിതകള്‍ക്കുള്ള ടോയ്‌ലറ്റില്‍ കടന്നുകൂടിയതെന്ന് പൊലീസ് പറഞ്ഞു. ടോയ്‌ലറ്റ് സ്‌റ്റേഷന്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തുകയായിരുന്നു ഇയാള്‍. ആളൊഴിഞ്ഞ മൂലയില്‍ പതുങ്ങി നിന്നായിരുന്നു ഇയാള്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതിനിടയിലാണ്, ഒരു സ്ത്രീ ഒരു മൊബൈല്‍ ഫോണ്‍ തനിക്കു നേരെ നീണ്ടു വരുന്നത് കണ്ട് ബഹളം വെച്ചത്. ഉടനെ തന്നെ ഇയാള്‍ ബാഗില്‍നിന്നും ഒരു തോക്കെടുത്തു നീട്ടി. ഇതോടെ മറ്റു സ്ത്രീകള്‍ ഇയാളില്‍നിന്നും മാറി നിന്നു. ഈ സമയത്ത്, ഇയാള്‍ ടോയ്‌ലറ്റില്‍നിന്നും ഇറങ്ങിപ്പോയി.
തുടര്‍ന്ന്, സ്ത്രീകള്‍ പുറത്തിറങ്ങി ഇയാളെ തിരയുകയും കണ്ടെത്തി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ടോയിലറ്റില്‍നിന്നും ഇറങ്ങിയ ഈഗന്‍ നേരെ പുരുഷന്‍മാരുടെ ടോയിലറ്റില്‍ ചെന്ന് വസ്ത്രം മാറിയിരുന്നു. പുരുഷന്‍മാരുടെ വസ്ത്രം ധരിച്ച് മാളില്‍നിന്നും ഇറങ്ങാന്‍ നോക്കുമ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
േനരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ് ഈഗനെന്ന് ഫോര്‍ട്ട് വര്‍ത്ത് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്. ഇതിലൊരു കേസില്‍ ഏഴ് വര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞ് മാസങ്ങള്‍ക്കു മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇയാളെ റിമാന്റ് ചെയ്തതായും പൊലീസ് അറിയിച്ചു.