വാഷിങ്ടൺ: ചില വിഭാഗങ്ങളിലെ ആഭ്യന്തര വിസ പുനർമൂല്യനിർണയത്തിന് ഒരുങ്ങി യു.എസ്. എച്ച്‍വൺ ബി, എൽ വൺ വിസകളിലുള്ള ആയിരക്കണക്കിന് ടെക് ജീവനക്കാർക്ക് അനുകൂലമാകുന്ന തീരുമാനമാണിത്. ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസമാകുന്ന നീക്കമാണിത്.
2004വരെ എച്ച് വൺ ബി വിസ പോലുള്ള കുടിയേറ്റ ഇതര വിസകൾ യു.എസിനുള്ളിൽ തന്നെ പുതുക്കുകയോ സ്റ്റാമ്പ് ചെയ്യുകയോ ചെയ്യാമായിരുന്നു. അതിനു ശേഷം ഈ വിസകൾ പുതുക്കാൻ പ്രത്യേകിച്ച് എച്ച്‍വൺ ബി വിസയിലുള്ളവർ സ്വന്തം രാജ്യങ്ങളിലേക്ക് പോകണം.
എല്ലാ എച്ച് വൺ ബി വിസ ഉടമകളും അവരുടെ വിസ പുതുക്കുമ്പോൾ പാസ്‌പോർട്ടുകൾ പുതുക്കൽ തീയതികൾ ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്യണം. ഇപ്പോൾ ഏതെങ്കിലും യു.എസ് കോൺസുലേറ്റിൽ മാത്രമേ റീസ്റ്റാമ്പിംഗ് കഴിയുകയുള്ളൂ.
വിദേശ തൊഴിലാളികൾക്ക് വളരെ അസൗകര്യമുണ്ടാക്കുന്ന തീരുമാനമാണിത്. കാരണം വിസ വീണ്ടും ലഭിക്കാൻ 800ദിവസത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വരുന്നു. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള എച്ച് വൺ ബി വിസ മൂന്നുവർഷത്തേക്കാണ് നൽകുന്നത്. ഇന്ത്യ,ചൈന രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ എച്ച് വൺ ബി വിസയിൽ യു.എസിൽ ജോലി ചെയ്യുന്നത്.