ഗാസ: ഗാസയിൽ താൽക്കാലിക തുറമുഖം സ്ഥാപിക്കാൻ അമേരിക്ക. ഇക്കാര്യം പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിക്കും. ഗാസയിൽ സഹായവിതരണം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. കപ്പൽ വഴി ഭക്ഷണം അടക്കം എത്തിക്കും. എന്നാൽ അമേരിക്കൻ പട്ടാളക്കാർ ഗാസയിൽ ഇറങ്ങില്ല. ഗാസയിലെ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു.
റോഡ് മാർഗമുള്ള സഹായ വിതരണം ഇസ്രായേൽ വൈകിപ്പിക്കുന്ന സാഹചര്യത്തിൽ, രാജ്യങ്ങൾ ഭക്ഷണം വിമാനം വഴി എത്തിച്ചുകൊടുത്തിരുന്നു. എന്നാൽ ഇതും കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് നടപടി. തുറമുഖം പ്രവർത്തന ക്ഷമമാകാൻ ആഴ്ചകൾ എടുത്തേക്കും. സൈപ്രസിലേക്കാകും അമേരിക്കൻ കപ്പലുകൾ എത്തുക. ഭക്ഷണം, വെള്ളം എന്നിവ കൂടാതെ താൽക്കാലിക പാർപ്പിട സൗകര്യങ്ങളും എത്തിക്കും. യുഎന്നിന്റെ സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് അമേരിക്കയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.
2.3 മില്യൺ പാലസ്തീൻകാരാണ് അഞ്ച് മാസത്തോളമായുള്ള ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ വലയുന്നത്. ഇസ്രയേൽ വ്യോമാക്രണം കടുപ്പിച്ചതോടെ ആയിരക്കണക്കിന് പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 7ന് ആരംഭിച്ച സംഘർഷങ്ങളുടെ പിന്നാലെ 30000 ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വിശദമാക്കുന്നത്.
21000 കുട്ടികളും സ്ത്രീകളും അടക്കമാണ് 30000 പേർ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് ഗാസ വിശദമാക്കിയത്. 70450 പേർക്ക് പരിക്കേൽക്കുകയും 7000ത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് ഗാസയുടെ കണക്കുകൾ വിശദമാക്കുന്നത്.