ന്യൂയോർക്: അമേരിക്കയിൽ 30 വർഷം മുമ്പ് കാണാതായ സ്ത്രീയെ ജീവനോടെ പ്യൂർടോറിക്കയിൽ കണ്ടെത്തി. പാട്രീഷ്യ കോപ്ടയെയാണ് പ്യൂർടോറിക്കയിലെ നഴ്സിങ് ഹോമിൽ നിന്ന് കണ്ടെത്തിയത്. ഇപ്പോൾ അവർക്ക് 82 വയസുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് യു.എസ് അധികൃതർ ഇവർ മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. 1992ൽ പെനിസിൽവാനിയയിലെ പിറ്റ്സ്‍ബർഗിലാണ് ഇവരെ അവസാനമായി കണ്ടത്. 1999ൽ പ്യൂർടോറിക്കോയിലെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന ഇവരെ അധികൃതരാണ് നഴ്സിങ് ഹോമിലേക്ക് മാറ്റിയത്. ഡിമൻഷ്യ ബാധിതയായിരുന്നു അപ്പോൾ അവർ. തെരുവുപ്രാസംഗികയായിരുന്നു ഒരിക്കൽ അവർ. അതിനാൽ തന്റെ കഴിഞ്ഞകാല സംഭവങ്ങളൊന്നും ഓർമയുണ്ടായിരുന്നില്ല.
ഡിമൻഷ്യക്ക് ചികിത്സതേടിയതിൽ പിന്നാലെ ആ അവസ്ഥക്ക് മാറ്റം വന്നു. തന്നെ കുറിച്ച് അവർ നഴ്സിങ് അധികൃതരോട് പറഞ്ഞു. തുടർന്ന് അവർ പെനിസിൽവാനിയ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഡി.എൻ.എ പരിശോധന നടത്തിയാണ് പാട്രീഷ്യയാണെന്ന് സ്ഥിരീകരിച്ചത്.
കാണാതാകുന്നതിന് 20 വർഷം മുമ്പാണ് അവർ ബോബ് കോപ്ടയെ വിവാഹം ചെയ്തത്. ഭാര്യയെ നഷ്ടപ്പെട്ടുവെങ്കിലും കോപ്ട പുനർവിവാഹം കഴിച്ചില്ല. മരിച്ചെന്ന് അധികൃതർ പറയുമ്പോഴും എവിടെയെങ്കിലും അവൾ ജീവനോടെ ഉണ്ടാകണമെന്നായിരുന്നു പ്രാർഥിച്ചിരുന്നത്. ഇപ്പോൾ വലിയ ആശ്വാസം തോന്നുന്നു എന്നാണ് കോപ്ട പ്രതികരിച്ചത്.