പാലക്കാട് : എൻഡോസൾഫാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന പാലക്കാട് മണ്ണാർക്കാടിന് സമീപം തെങ്കര മേഖലയിൽ 45 പേർക്ക് സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ജനിതക രോഗങ്ങൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. 2015ൽ നടത്തിയ സർവെയുടെ റിപ്പോർട്ട് പുറത്തു വരാൻ വൈകിയതു മൂലം ധനസഹായം ലഭിക്കാത്ത രോഗികളിൽ ഭൂരിഭാഗം പേരുടെയും ചികിത്സ മുടങ്ങി. ഇതു കൂടാതെ നൂറുകണക്കിന് ലിറ്റർ നിരോധിത കീടനാശിനിയായ എൻഡോസൾഫാൻ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് പ്ലാൻ്റേഷൻ കോർപ്പറേഷന്‍റെ കെട്ടിടത്തിലാണ്.
10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണു ജനിതക രോഗങ്ങൾ എറെയും കണ്ടെത്തിയത്. വളർച്ചാ വൈകല്യം ഉള്ളവർ, കൈകാലുകൾ വളഞ്ഞു പോയവർ ശ്വാസ തടസ്സം അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്. എന്നാൽ പണമില്ലാത്തതിനാൽ ചികിത്സ മുടങ്ങിയിട്ട് വർഷങ്ങളായി
പ്ലാന്‍റേഷൻ കോർപ്പറേഷന് കീഴിലുള്ള തത്തേങ്കലത്തെ കശുമാവിൻ തോട്ടത്തിൽ 1985 മുതൽ 2002 വരെയാണ് ഹെലികോപ്ടർ ഉപയോഗിച്ച് എൻഡോസൾഫാൻ തളിച്ചിരുന്നത്. പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമായതോടെയാണ് 2015ൽ ആരോഗ്യ വകുപ്പ് സർവെ നടത്തിയത്.ജനിതക രോഗങ്ങൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയ 45 പേരിൽ പകുതിയിലേറെ പേരും മരിച്ചു.രോഗികൾക്കു ചികിത്സയും മറ്റു സഹായങ്ങളും ഉറപ്പാക്കാനുള്ള നടപടികളു വേണമെന്ന ആവശ്യം ശക്തമാണ്