ആല്‍വാര്‍: ഇസ്രായേൽ – ഹമാസ് യുദ്ധവും രാജസ്ഥാനിലെ കോൺഗ്രസ് – ബിജെപി പോരാട്ടവും തമ്മിൽ താരതമ്യം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ആൽവാറിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. “നിങ്ങൾ കാണുന്നില്ലേ ഗാസയിലെ താലിബാൻ ചിന്താഗതി എങ്ങനെ തകർക്കപ്പെടുന്നുവെന്ന്? ലക്ഷ്യത്തിലെത്തി കൃത്യമായി തകർക്കുന്നു” താലിബാനെ നേരിടാനുള്ള ആയുധം ഹനുമാന്‍റെ ഗദയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
രാജസ്ഥാൻ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ് രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു- “അരാജകത്വവും ഗുണ്ടായിസവും തീവ്രവാദവും സമൂഹത്തിന് ശാപമാണ്. രാഷ്ട്രീയം അതിൽ കുടുങ്ങുമ്പോൾ പരിഷ്കൃത സമൂഹത്തെ ബാധിക്കും. സർദാർ പട്ടേൽ കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി. എന്നാൽ ജവഹർലാൽ നെഹ്‌റു അവിടെയും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. അതുവഴി തീവ്രവാദം പടർന്നു. ഇതിന് ശേഷം ബി ജെ പി സർക്കാർ വന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കശ്മീരിനെ പ്രശ്‌ന രഹിതമാക്കി. അവിടെ നിന്ന് തീവ്രവാദം തുടച്ചുനീക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
രാജസ്ഥാനില്‍ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്ന് യോഗി ആദിത്യനാഥ് വിമര്‍ശിച്ചു. കോൺഗ്രസ് വിജയിച്ചാൽ താലിബാൻ മാനസികാവസ്ഥ കാരണം സഹോദരിമാരും പെൺമക്കളും ചൂഷണം ചെയ്യപ്പെടുമെന്ന് ഓർക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാന ആരോപണം ഉന്നയിച്ചിരുന്നു. സ്ത്രീകൾക്കും ദലിതർക്കും എതിരായ അതിക്രമങ്ങൾ കാരണം സംസ്ഥാനത്തിന് ചീത്തപ്പേരാണ്. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.