ഉത്തർപ്രദേശ് : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം ഇന്നാണ് അറിയുക. ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഭരണമാറ്റവും ഭരണത്തുടർച്ചയുമൊക്കെ ഇന്നറിറിയാം. ഫലപ്രഖ്യാപനത്തിനു മുൻപുള്ള എക്സിറ്റ് പോളുകളിൽ ബിജെപിയ്ക്കാണ് സാധ്യത കൂടുതൽ. ഇത് കോൺഗ്രസിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യുപിയിലടക്കം നാല് സംസ്ഥാനങ്ങളിൽ വിജയിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എക്സിറ്റ് പോൾ പ്രവചനങ്ങളും ബിജെപിയെ പിന്തുണയ്ക്കുന്നു. ബിജെപിയെ സംബന്ധിച്ച് ഉത്തർപ്രദേശ് ഒരു തലവേദനയുമില്ലാത്ത സംസ്ഥാനമാണ്. ജയം സുനിശ്ചിതം. 403 നിയമസഭാ മണ്ഡലങ്ങളാണ് യുപിയിൽ ഉള്ളത്. 300 സീറ്റുകളിലധികം ഇത്തവണ നേടാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
എന്നാൽ, കർഷക സമരങ്ങൾ തെരഞ്ഞെടുപ്പിൽ സുപ്രധാനമായ പങ്കുവഹിക്കും. കർഷകർ തെരുവിലിറങ്ങിയത് യുപി രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്നറിയാൻ ഫലം വരണമെങ്കിലും അത് ബിജെപിയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകളെങ്കിലും നേടിയെങ്കിലേ മിഷൻ 2024 സുഗമമാവുകയുള്ളൂ. എന്നാൽ, കർഷക സമരം തിരിച്ചടിച്ചാൽ ബിജെപി വിയർക്കും. ജയസാധ്യത അപ്പോഴും ബിജെപിക്ക് തന്നെയാകുമെങ്കിലും ആധികാരിക ജയം നേടാൻ സാധിച്ചേക്കില്ല.
കർഷക രോഷം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലിൽ യോഗിയെ മാറ്റി നിർത്തി അമിത്ഷായാണ് ബിജെപിയുടെ പ്രചാരണത്തിൽ നിറഞ്ഞു നിന്നത്. കർഷകരുടെ കേന്ദ്രമായ മുസഫർ നഗർ അടക്കമുള്ള മണ്ഡലങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി അമിത്ഷാ വോട്ട് തേടിയതിൻറെ കാരണവും മറ്റൊന്നല്ല. വെർച്വൽ റാലികളിലൂടെ മാത്രമാണ് പ്രധാനമന്ത്രിയും സംസാരിച്ചത്.