ദില്ലി : കൂടുതൽ അളവിൽ ഗോതമ്പ് നല്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഉത്തർപ്രദേശും ഗുജറാത്തും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം – 2013 പ്രകാരം 10 സംസ്ഥാനങ്ങളുടെ ഗോതമ്പ് വിഹിതം രണ്ട് മാസം മുൻപ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. മേയിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്ന ഗോതമ്പ്, അരി എന്നിവയുടെ അനുപാതത്തിൽ മാറ്റം വരുത്തിയിരുന്നു.
മെയ് 14ന് ഗോതമ്പിന്റെയും അരിയുടെയും അനുപാതം 60:40ൽ നിന്ന് 40:60 ആയും ചില സംസ്ഥാനങ്ങളിൽ 75:25ൽ നിന്ന് 60:40 ആയും കേന്ദ്രം പരിഷ്കരിച്ചിരുന്നു. ഇതിനെ തുടർന്ന് ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് എന്നീ 10 സംസ്ഥാനങ്ങളുടെ ഗോതമ്പ് വിഹിതം കുറഞ്ഞു. രണ്ട് മാസത്തിനു ശേഷം ഇപ്പോൾ യുപിയും ഗുജറാത്തും ഗോതമ്പ് വിഹിതം വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിടരിക്കുകയാണ്.
ഈ സംസ്ഥാനങ്ങളിൽ, ഉത്തർപ്രദേശിന് നേരത്തെ ഒരാൾക്ക് വീതം പ്രതിമാസം 3 കിലോ ഗോതമ്പും 2 കിലോ അരിയും ലഭിച്ചിരുന്നു, അത് ഇപ്പോൾ 2 കിലോ ഗോതമ്പും 3 കിലോ അരിയും ആയി മാറി. നേരത്തെ, ഗുജറാത്തിന് പ്രതിമാസം ഒരാൾക്ക് 3.5 കിലോ ഗോതമ്പും 1.5 കിലോ അരിയും ലഭിച്ചിരുന്നു, അത് ഇപ്പോൾ പ്രതിമാസം 2 കിലോ ഗോതമ്പും 3 കിലോ അരിയും ആയി മാറി ഇവിടെങ്ങളിൽ ഗോതമ്പിന്റെ ഉപയോഗം കൂടുതലുള്ളതിനാൽ മുൻ അനുപാതം പുനഃസ്ഥാപിക്കാൻ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.