ലഖ്നോ : ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. പടിഞ്ഞാറന്‍ യുപിയിലെ 58 മണ്ഡലങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തും. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിംഗ് നടക്കുക. ആദ്യഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാരാണുള്ളത്. പടിഞ്ഞാറന്‍ യുപിയിലെ11 ജില്ലകളിലെ അന്‍പത്തിയെട്ട് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. ഒമ്പത് മന്ത്രിമാരടക്കം 623 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 53 സീറ്റുകളും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും രണ്ട് വീതവും, ആര്‍എല്‍ഡി ഒരു സീറ്റും നേടിയിരുന്നു. കര്‍ഷക സമരത്തെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയിലെ ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എസ്പി- ആര്‍എല്‍ഡി സഖ്യത്തിനുള്ളത്.
ജാട്ടുകള്‍ നിര്‍ണായക ശക്തിയാകുന്ന ഈ ഘട്ടത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളേയും സമാജ്‌വാദി പാര്‍ട്ടി – ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. കര്‍ഷകരെ തൃപ്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളില്‍ മത്സരിച്ചാണ് സമാജ്‌വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും പ്രകടന പത്രികകള്‍ പുറത്തിറക്കിയത്.
കര്‍ഷക രോഷം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലില്‍ യോഗിയെ മാറ്റി നിര്‍ത്തി അമിത്ഷായാണ് ബിജെപിയുടെ പ്രചാരണത്തില്‍ നിറഞ്ഞു നിന്നത്. കര്‍ഷകരുടെ കേന്ദ്രമായ മുസഫര്‍ നഗര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി അമിത്ഷാ വോട്ട് തേടിയതിന്റെ കാരണവും മറ്റൊന്നല്ല. വെര്‍ച്വല്‍ റാലികളിലൂടെ മാത്രമാണ് പ്രധാനമന്ത്രിയും സംസാരിച്ചത്. കര്‍ഷക രോഷത്തെ മറികടക്കാന്‍ ക്രമസമാധാനവും അക്രമസംഭവങ്ങള്‍ അടിച്ചമര്‍ത്തിയെന്നതും വോട്ടാക്കാന്‍ ശ്രമിച്ച്, ചര്‍ച്ചയാക്കുകയാണ് ബിജെപി.