ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ-2 കൊടുമുടിയിൽ ഉണ്ടായ ഹിമപാതത്തിൽ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു. 28 പേർ കുടുങ്ങിയതിൽ എട്ടു പേരെ രക്ഷപ്പെടുത്തിയതായി ഉത്തരകാശിയിലെ ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. പര്‍വതാരോഹണം പരിശീലിക്കാന്‍ പോയ ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ മണിക്കൂറുകളില്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇതാണ് ഹിമപാതത്തിനു കാരണം എന്ന് പ്രാഥമിക വിലയിരുത്തൽ.
ഇന്നു രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സേനകളിലെ അംഗങ്ങളും സൈന്യവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിനിറങ്ങാൻ വ്യോമസേനയോട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിനായി രണ്ട് ചീറ്റ ഹെലികോപ്റ്ററുകൾ വ്യോമസേന വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിലെ ഗംഗോത്രിയിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.