ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോൺഗ്രസ് നേതാവും സിറ്റിങ് എം.എൽ.എയുമായ രാജേന്ദ്ര ഭണ്ഡാരി ബി.ജെ.പിയിൽ ചേർന്നു. ഇന്ന് രാവിലെ അദ്ദേഹം കോൺഗ്രസിൽനിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബദ്രിനാഥ് അസംബ്ലി മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയ ഭണ്ഡാരി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽനിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബദ്രിനാഥിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ച നേതാവാണ് ഭണ്ഡാരിയെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. രാജ്യവ്യാപകമായി അഴിമതി ഇല്ലാതാക്കാനും വികസനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഭണ്ഡാരി ബി.ജെ.പിയിൽ ചേരുന്നതെന്നും ഗോയൽ പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് പാർട്ടി വിടുന്നതെന്ന് ഭണ്ഡാരി വ്യക്തമാക്കിയിട്ടില്ല. തന്റെ രാജിക്കത്തിലും കാരണം വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.