ബെംഗളൂരു: ഉസ്ബെക്കിസ്ഥാൻ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ഹോട്ടൽ മുറിയിലാണ് ബുധനാഴ്ച്ച സെറീൻ(37) എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചിനാണ് യുവതി ബെംഗളൂരുവിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവിലെ ശേഷാദ്രിപുരം ഏരിയയിലാണ് യുവതി താമസിച്ചിരുന്നത്. ഏറെ വൈകിയിട്ടും യുവതിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരൻ അന്വേഷിക്കുകയായിരുന്നു. എന്നാൽ വാതിലിൽ തട്ടിയിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്ന് വൈകുന്നേരം നാലരയോടു കൂടി മറ്റൊരു കീ കൊണ്ട് വാതിൽ തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടി മരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് ഡിസിപി എച്ച്ടി ശേഖർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും പൊലീസും ഡോഗ് സ്ക്വാഡും മുറിയിലെത്തി പരിശോധന നടത്തിവരികയാണ്. സറീൻ്റെ ദുരൂഹ മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്. അതേസമയം, വിസയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പാസ്പോർട്ടിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.