തിരുവനന്തപുരം: പ്രതിപക്ഷത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹാനായ ജനാധിപത്യ വാടിയായിരുന്നു ജവഹർലാൽ നെഹ്റു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെഹ്റു സെൻ്റർ നടത്തിയ നെഹ്റു അനുസ്മരണ സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം ലോകസഭയിൽ അംഗീകൃത പ്രതിപക്ഷമാക്കുവാൻ എണ്ണം തികയതിരുന്നപ്പോൾ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യൻ കമ്യൂണിസ്റ് പാർട്ടിയുടെ നേതാവ് എ. കെ.ഗോപാലനെ അംഗീകൃത പ്രതിപക്ഷനേതാവ് സ്ഥാനം നൽകി നെഹ്റു ബഹുമാനിച്ചു. വിഭജന സമയത്ത് ജാമിയ മിലിയ സർവകലാശാല തീവക്കുവാൻ രാത്രിയുടെ മറവിൽ വർഗീയവാദികൾ ശ്രമിച്ചപ്പോൾ, പൊലീസ് അകമ്പടി ഇല്ലാതെ അവിടെ ഓടിയെത്തി അവരെ തുര ത്തുകയും ഒരു രാത്രി മുഴുവൻ സർവകലാശാലലക്ക് കാവൽനിക്കാനും തികഞ്ഞ മതേതരവാദിയായ അദ്ദേഹം തയാറായി.
അതുപോലെ ചരിത്രത്തിന് നൈരന്തര്യം ഉണ്ടെന്ന് കണ്ടെത്തുകയും, ചരിത്രത്തെ കവിതയക്കുകയും ചെയ്ത വിശ്വാസാഹിത്യകാരനും ആയിരുന്നു നെഹ്റു എന്നും സതീശൻ പറഞ്ഞു. നെഹ്റു സെൻ്റർ ചെയർമാൻ എം.എം.ഹസൻ അധ്യക്ഷത വഹിച്ചു. യുവ തലമുറ നെഹ്റുവിൽ നിന്നും പ്രചോദനം ഉൾകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. പാലോട് രവി, ചെറിയാൻഫിലിപ്പ്, പന്തളം സുധാകരൻ, ബി. എസ്.ബാലചന്ദ്രൻ, ഡോ. എം.ആർ. തമ്പാൻ, പി.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.