തിരുവനന്തപുരം : ഒരു സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയെ രക്ഷിക്കണമെന്ന് ഒരു മന്ത്രിയും നിലവിളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അഴിമതി ക്യാമറ, കെ ഫോണ്‍ അഴിമതികളെ പ്രതിപക്ഷം നിയമപരമായി ചോദ്യം ചെയ്യും. പ്രതിപക്ഷം എന്ന് കോടതിയില്‍ പോകണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമില്ല. അഴിമതി നടന്നതു കൊണ്ടാണ് ഒരു മന്ത്രിമാരും ഇതുവരെ പ്രതിരോധിക്കാന്‍ വരാത്തത്. അതുകൊണ്ടാണ് പൊതുമരാമത്ത് മന്ത്രി മറ്റ് മന്ത്രിമാരെ ഭീഷണിപ്പെടുത്തിയത്.
മുഖ്യമന്ത്രിയെ പ്രതിരോധിച്ചാല്‍ മറ്റ് മന്ത്രിമാരുടെ പ്രതിച്ഛായ തകരുമെന്നാണ് ഭയപ്പെടുന്നതെന്നാണ് റിയാസ് പറഞ്ഞത്. അത് സത്യവുമാണ്. ആരെങ്കിലും ഇത്തരമൊരു അഴിമതിയെ ന്യായീകരിക്കുമോ? ഒരു സര്‍ക്കാരിന്റെ കാലത്തും ഞങ്ങളുടെ മുഖ്യമന്ത്രി ഒറ്റക്കായിപ്പോയെന്നും നിങ്ങളെല്ലാവരും വന്ന് അദ്ദേഹത്തെ രക്ഷിക്കണമേയെന്ന് ഒരു മന്ത്രിയും നിലവിളിച്ചിട്ടില്ല.
കൊള്ള ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമാണ്. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയോടെ സര്‍ക്കാരിനോടോ വിധേയത്വം കാട്ടേണ്ട ആവശ്യമില്ല. അങ്ങനെ വിധേയത്വം കാട്ടുന്നവരും തിരിച്ച് ചോദിക്കാന്‍ ഭയപ്പെടുന്നവരും സര്‍ക്കാരിലോ പാര്‍ട്ടിയിലോ കാണും. ഞങ്ങള്‍ അങ്ങനെ ഭയപ്പെടില്ല. എ.ഐ ക്യാമറ ഉപയോഗിച്ച് ഇന്നലെ മുതല്‍ പിരിച്ചെടുക്കുന്ന പണം കറക്ക് കമ്പനികള്‍ക്കാണ് വീതിച്ച് നല്‍കുന്നത്.
കാലാനുസൃതമായി എല്ലാ സംസ്ഥാനങ്ങളിലും പുതിയ പദ്ധതികള്‍ വരും. അതിനെയൊന്നും കണ്ണുമടച്ച് പ്രതിപക്ഷം എതിര്‍ക്കില്ല. പക്ഷെ പദ്ധതികളുടെ മറവില്‍ നടക്കുന്ന അഴിമതിയെ കുറിച്ചാണ് ചോദിക്കുന്നത്. അതിന് മറുപടി നല്‍കിയേ മതിയാകൂ. 20 ലക്ഷമെന്ന് പറഞ്ഞിട്ട് ഒരു നിയമസഭാ മണ്ഡലത്തില്‍ നൂറ് പേര്‍ക്ക് മാത്രമാണ് കെ ഫോണ്‍ കണക്ഷന്‍ നല്‍കുന്നത്. കെ ഫോണ്‍ നടപ്പാക്കുന്നത് നല്ലതാണ്. പക്ഷെ അതിന്റെ പേരില്‍ കൊള്ള നടത്തരുത്.
നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന പരിപാടിക്ക് 4.53 കോടി അനുവദിച്ചത് ധൂർത്താണ്. സംസ്ഥാന വിവര സാങ്കേതിക മേഖലയില്‍ വന്‍ പുരോഗതി നേടിയെന്നു പറയുന്ന മുഖ്യമന്ത്രി ആദ്യം റേഷന്‍ കൊടുക്കാനുള്ള സെര്‍വറാണ് ശരിയാക്കേണ്ടത്. രണ്ട് വര്‍ഷമായി ആ സെര്‍വര്‍ നന്നാക്കാന്‍ സാധിച്ചിട്ടില്ല. പാവങ്ങളുടെ റേഷന്‍ മുടക്കിയിട്ടാണ് ഒരു ലക്ഷം ഡോളര്‍ നല്‍കുന്ന ആളുകള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.