തിരുവനന്തപുരം: തന്‍റെ പേരില്‍ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്‍റെ പേരില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ല. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ പറഞ്ഞു.
ഡിസിസി പുനസംഘടന നിർത്തിവെച്ചതിൽ ക്ഷുഭിതനായി സ്ഥാനമൊഴിയാൻ വരെ തയ്യാറാണെന്ന് കടുപ്പിച്ച കെപിസിസി പ്രസിഡന്‍റുമായി സതീശൻ അനുകൂലികൾ ഇന്നലെ മുതൽ ചർച്ചയിലാണ്. എ പി അനിൽകുമാർ അടക്കം സതീശനെ പിന്തുണക്കുന്ന നേതാക്കളും സുധാകരനും തമ്മിൽ കരട് പട്ടികയിന്മേൽ കൂടിയാലോചന തുടരുകയാണ്. ചെറിയ ചില മാറ്റങ്ങൾക്ക് സുധാകരൻ തയ്യാറാണെങ്കിലും കെസി-വിഡി അപ്രമാദിത്വം അംഗീകരിക്കാനികില്ലെന്ന് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കിക്കഴിഞ്ഞു. അതിനിടെയാണ് കെസി-വിഡി ചേരിക്കെതിരെ സുധാകരനൊപ്പം ചെന്നിത്തലയും മുരളീധരനും കൈകോർക്കുന്നത്. മുരളിയും ചെന്നിത്തലയും തമ്മിലെ തർക്കം കൂടി തീർത്താണ് പഴയ ഐ ക്കാരുടെ യോജിപ്പ്. പുനസംഘടന നിർത്താൻ എഐസിസി പറഞ്ഞ എംപിമാരുടെ പരാതിയെ സംശയിച്ച സുധാകരന്‍റെ നിലപാടിനൊപ്പമാണ് ഇരുവരും.
അതേസമയം കെസി-വിഡി ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നിൽ ചെന്നിത്തല ആണെന്നാണ് സതീശൻ പറയുന്നത്. സുധാകരനെ ഒപ്പം നിർത്തി ചെന്നിത്തലയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് പരാതി. പരാതികൾ ഐ ഗ്രൂപ്പ് തള്ളുമ്പോൾ കരട് പട്ടികയിൽ പരാതികളുണ്ടെന്നും അത് തീർക്കണമെന്നുമാണ് എ ഗ്രൂപ്പ് നിലപാട്. സംഘടനാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കി നിൽക്കെ ഡിസിസി പുനസംഘടനയിലൂടെ പദവി ലഭിക്കുന്നവർക്ക് പ്രവർത്തനത്തിന് കുറഞ്ഞ സമയം മാത്രമേ കിട്ടു. ഒരു താൽക്കാലിക സംവിധാനം സമവായത്തിലൂടെ ഉണ്ടാക്കാൻ പോലും പുതിയ നേതൃത്വത്തിന് കഴിയാത്തതിൽ എഐസിസിക്കും അണികൾക്കും അമർഷമുണ്ട്.