കൊച്ചി > മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരന്റെ വാക്കുകൾ തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സുധീരന്റെ വാക്കുകൾക്ക് വിലകൽപ്പിക്കുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. പ്രസ്‌താവനകൾ പൂർണമായും തള്ളിക്കളയുന്നുവെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. അമേരിക്കയിൽ ചികിത്സയ്‌ക്കായി പോകവെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് സുധാകരന്റെ പ്രതികരണം.
വി ഡി സതീശന്റെയും കെ സുധാകരന്റെയും നേതൃത്വം വൻപരാജയമാണെന്ന് പറഞ്ഞ സുധീരൻ, 2016ലെ പരാജയത്തെക്കുറിച്ച് നേരത്തേ സോണിയ ഗാന്ധിക്ക് അയച്ച കത്തും ഇന്നലെ കെപിസിസി യോഗത്തിൽ വായിച്ചു. രണ്ടു ഗ്രൂപ്പിൽനിന്ന് അഞ്ച് ഗ്രൂപ്പിലെത്തി ഇപ്പോൾ. തന്നോട് ഇവർ ഒരു കാര്യവും ആലോചിക്കാറില്ല. രാമക്ഷേത്ര ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന തന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിക്കണമെന്നും സുധീരൻ യോഗത്തിൽ ആവശ്യപ്പെട്ടു.
തുടർന്ന് ഇറങ്ങിപ്പോകാൻ തുടങ്ങിയ സുധീരനോട് യോഗത്തിലിരിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടു. ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര നേതൃത്വം കൃത്യമായ നിലപാട് എടുക്കുമെന്ന് നേതാക്കൾ മറുപടി നൽകി. ഇതൊന്നുമായിരുന്നില്ല പാർടിയുടെ ശൈലിയും പാരമ്പര്യവുമെന്ന് ആവർത്തിച്ച് സുധീരൻ ഇറങ്ങിപ്പോവുകയായിരുന്നു.