തിരുവനന്തപുരം∙ തലസ്ഥാനത്തെ കേരള ഹൗസിൽ ചായയിൽ പാലൊഴിക്കാൻ പൈസ ഇല്ലാത്ത സാഹചര്യം നിലനിൽക്കുമ്പോൾ ലക്ഷങ്ങൾ മുടക്കി സർക്കാർ നിയമോപദേശം തേടുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുളീധരൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ബന്ധുനിയമനം നടത്താനും മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കൻമാരെ നിയമിക്കാനും അധികാരം ഉണ്ടാകണം എന്നതിനാണ് നിയമോപദേശം തേടുന്നത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംരക്ഷിക്കുന്നതിനും അഴിമതി നടത്തുന്നതിനുമാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്നത്. ഇതിനുള്ള ബില്ലിലാണ് ഗവർണർ ഒപ്പിടണമെന്ന് ആവശ്യപ്പെടുന്നത്. ഗവർണക്കെതിരെ കേസെടുക്കുന്നതിന് നിയമോപദേശം തേടുന്നതിനാണ് ലക്ഷങ്ങൾ ചെലവഴിക്കുന്നത്.
‘‘ഒരുവശത്ത് മകൾ വീണയുടെ മാസപ്പടി, മറുവശത്ത് മന്ത്രി വീണ അഴിമതിക്കാർക്ക് കുട ചൂടുന്ന അവസ്ഥ. ചോറിൽ ഒരു കറുത്ത ചോറുണ്ടെങ്കിൽ അത് എടുത്ത കളയണമെന്നാണ് മുഖ്യമന്ത്രി കരുവന്നൂർ ബാങ്കിനെക്കുറിച്ച് പറഞ്ഞത്. നേരത്തെ ഒരു കരുവന്നൂർ മാത്രമായിരുന്നു. ഇപ്പോൾ അയ്യന്തോൾ, മൈലപ്ര തുടങ്ങി ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.