തിരുവനന്തപുരം: കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തിൽ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. തോക്കും തലയിൽ കെട്ടുമായി അവതരിപ്പിച്ചു എന്നുള്ളതിന്‍റെ പേരിലാണ് ഇപ്പോൾ ഈ വിവാദം നടക്കുന്നത്.താലിബാന്‍റേയും ഐഎസിന്‍റെയും ആളുകളാണ് തലയിൽ കെട്ടുമായി നടക്കുന്നത്.കേരളത്തിലെ മുസ്ലിങ്ങളെ അല്ല ഇങ്ങനെ അവതരിപ്പിച്ചത്.താലിബാന്‍റേയും ഐഎസിന്‍റേയും വക്താക്കളായിട്ടാണോ മുഹമ്മദ് റിയാസും മുസ്ലിം ലീഗും സംസാരിക്കുന്നത്?.മുഖ്യമന്ത്രിയടക്കം ആദ്യം അഭിനന്ദിച്ച് എത്തിയതാണ്.ഇപ്പോൾ എന്തിനാണ് അതിൽ അന്വേഷണം നടത്തുന്നത്?,.അന്വേഷണം നടത്തണമെന്ന് ഇപ്പോൾ പറയുന്നതിൽ താലിബാൻ ബന്ധമുണ്ടോ? . മുഹമ്മദ് റിയാസിന് ഇത്തരത്തിലുള്ള ചേതോവികാരം പിന്നീടുണ്ടാകാൻ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും കലോത്സവ സ്വഗതഗാന വിവാദത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച നൃത്താവിഷ്ക്കാരത്തിന് ഇത്രമേൽ വിമർശം ഉണ്ടാകാനുള്ള കാരണമെന്താണെന്ന് അദ്ദേഹം ചോദിച്ചു.എന്താണ് ആ ദൃശ്യാവിഷ്ക്കാരത്തിന് കുഴപ്പം. അതിലെ ഒരു കഥാപാത്രത്തിന്‍റെ വേഷം ! ജന്മിയെ കാണിക്കുമ്പോൾ പൂണിലിട്ട ബ്രാഹ്മണനെ കാണിക്കാം – നരബലി ആവിഷ്ക്കരിക്കുമ്പോൾ – പൂജകനെയും ഹോമാദി ദ്രവ്യങ്ങളെയും ഹിന്ദു ബിംബങ്ങളെയും കാണിക്കാം. ആഗോള തീവ്രവാദത്തെ കുറിച്ച് കാണിക്കുമ്പോൾ തീവ്രവാദികളുടെ വസ്ത്രധാരണം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് ? ഒസാമ ബിൻ ലാദന്റെയും താലിബാൻ തീവ്രവാദികളുടെയും വേഷമല്ലാതെ സംന്യാസിയുടെ കാഷായമിട്ട് ആഗോള തീവ്രവാദത്തെ ആവിഷ്ക്കരിക്കാൻ സാധിക്കുമോ ? – അതിനെ ഒരു മതത്തെ ആക്രമിക്കുന്നതായി വ്യാഖ്യാനിക്കുന്നിടത്താണ് പ്രശ്നം. അതല്ല ആഗോള തീവ്രവാദത്തെ വിമർശിക്കരുതെന്നും അവരും ഞങ്ങളുടെ ആളുകളാണെന്നാണെങ്കിൽ അത് പള്ളിയിൽ പറഞ്ഞാമതിയെന്നും അദ്ദേഹം ബേസ് ബുക്കില്‍ കുറിച്ചു.