ദില്ലി: ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സാമൂഹ്യക്ഷേമ നികുതി എന്നത് തട്ടിപ്പാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മിഷന്‍ അധ്യക്ഷമാരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതിയെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരംചെയ്തവര്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നികുതിവര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണ്. റവന്യൂ കമ്മി ഗ്രാന്‍റ് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റു ഗ്രാന്‍റുകളും കുറച്ചിട്ടില്ല. ധനകാര്യ മാനേജ്മെന്‍റ് മെച്ചപ്പെടുത്തുകയും ധൂര്‍ത്ത് അവസാനിപ്പിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന ബജറ്റിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രൂക്ഷമായി വിമര്‍ശിച്ചു. സാധാരണക്കാരുടെ നടു ഒടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വിമര്‍ശനം. ഇന്ധനവില വർധന പൊതു വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.