തിരുവനന്തപുരം: കോൺഗ്രസിനും സിപിഐഎമ്മിനും ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഇടതു സർക്കാർ അഴിമതിയിലും അക്രമത്തിലും മുങ്ങിക്കുളിച്ചു നിൽക്കുന്നു. കോൺഗ്രസ് രാജ്യം മുഴുവൻ അസ്തമിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് വ്യക്തമാണെന്നും പ്രതിപക്ഷമടക്കം പരാജയം സമ്മതിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണപക്ഷത്തിരിക്കുന്ന എം പിയെ തെരഞ്ഞെടുക്കണോ, പ്രതിപക്ഷത്തിരിക്കുന്ന ആളെ വേണോയെന്ന് ആറ്റിങ്ങലിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ആ വിലയിരുത്തൽ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാക്കും. തന്റെ എതിർ സ്ഥാനാർത്ഥികൾ ശക്തർ തന്നെയാണ്. സ്ഥാനാർത്ഥികളെ മാത്രം നോക്കിയല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. ഏതു സർക്കാർ വന്നാലാണ് പ്രയോജനം ഉണ്ടാവുകയെന്ന് നോക്കിയാണ് വോട്ട് ചെയ്യേണ്ടത്.
പ്രതിപക്ഷത്ത് ഇരിക്കുന്ന ആളെ തിരഞ്ഞെടുക്കാൻ എവിടെയെങ്കിലും വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുന്നേറ്റം ഉണ്ട്. എല്ലാ മണ്ഡലങ്ങളിലും അത് പ്രതിഫലിക്കാറുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും മുന്നേറ്റം ഉണ്ടാകും. നരേന്ദ്രമോദിയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയെന്ന് തന്നെയായിരിക്കും പ്രചരണത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു.