കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. കശ്മീരില്‍ വിഘടനവാദികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് ജലീൽ ഉയർത്തിയത്. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്‍റെ പ്രഖ്യാപിത നയമാണെന്നും മുരളീധരന്‍ പറഞ്ഞു. ആസാദ് കാശ്മീർ എന്ന ജലീലിന്‍റെ പ്രസ്താവന രാജ്യദ്രോഹപരമാണ്. ജലീലിന്‍റെ രാജി സർക്കാർ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.
കെ ടി ജലീല്‍ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശമാണ് വിവാദമായത്. ‘പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം’ എന്നാണ് ജലീലിന്‍റെ പോസ്റ്റ്.