തിരുവനന്തപുരം: മാസപ്പടി വിവാദത്തിലും കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിലും ആരോപണ വിധേയരെ പിന്തുണക്കുന്ന സിപിഎം സമീപനം കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന സമീപനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഇരവാദവുമായി ഇറങ്ങുന്നത് ആളുകളെ പറ്റിക്കുന്നതാണ്. എ സി മൊയ്തീന്‍ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണെങ്കിൽ എന്തിന് ബിനാമി പേരിൽ ലോണ്‍ എടുക്കണം. ഇഡിയുടെ നടപടിയിൽ എതിർപ്പുണ്ടെങ്കിൽ നിയമപരമായി നേരിടണം. ലക്ഷങ്ങളുടെ സ്വത്ത് ഉണ്ടാകാൻ മൊയ്തീൻ ബിസിനസുകാരനല്ലല്ലോ. കരുവന്നൂരിൽ നടന്നത് പുറത്തു വരുന്നതിൽ മാർക്സിസ്റ്റ് പാർട്ടി എന്തിന് ഭയക്കണം.
മാസപ്പടി വിവാദത്തിലും സിപിഎം ഇങ്ങനെ തന്നെ പറയുന്നു. ടാക്‌സ് അടച്ചോ എന്നല്ലല്ലോ സിപിഎമ്മിനോട് ചോദിച്ചത്. മാസപ്പടി വാങ്ങിയോ എന്നല്ലേ? കരിവന്നൂരിലും കരിമണലിലും സിപിഎം വിശദീകരണം നൽകണം. മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളിയത് നിയമപരിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരവാണ് . തർക്ക പരിഹാര ബോർഡ് വിധി അഴിമതിയുടെ പരിധിയിൽ വരില്ലെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.