തിരുവനന്തപുരം: നഗരസഭയിലെ താത്ക്കാലിക നിയമനകാര്യത്തിൽ മേയർ ആര്യ രാജേന്ദ്രൻ സി.പി.എമ്മിലെ മുതിർന്ന നേതാക്കളെ മാതൃകയാക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ബി.ജെ.പി വിളപ്പിൽ ഏരിയാ കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
ഭരണകാലയളവ് സ്വന്തക്കാർക്ക് വേണ്ടത് ചെയ്തുകൊടുക്കാൻ വേണ്ടി മാത്രമാണ് സി.പി.എം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് കണ്ണൂരിൽ നിയമനം നൽകാനുള്ള നീക്കം കേരളം കണ്ടു. കാലടിയിലും കോഴിക്കോട് സർവകലാശാലയിലും ബന്ധുനിയമനനീക്കം നടന്നു. ഇതിനോടെല്ലാം വിയോജിപ്പുള്ള സി.പി.എം യുവജനപ്രവർത്തകർ പ്രതിഷേധിക്കാൻ ഭയന്ന് മേയറുടെ കത്ത് പുറത്തുവിട്ടതാകും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ട് നടത്തിയ ആർ.എസ്.എസ് നിയമന പട്ടിക പുറത്ത് വിടാൻ മുരളീധരൻ സി.പി.എം നേതാക്കളെ വെല്ലുവിളിച്ചു. ഗവർണർക്കെതിരെ തെരുവിൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതിന് പകരം തെളിവ് പുറത്തുവിടാൻ സി.പി.എം തയാറാകണം. ജനങ്ങളെ കബളിപ്പിച്ചാണ് പിണറായി വിജയൻ സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു