തിരുവനന്തപുരം: സ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്സിങ് കെയർ കോഴ്സിൽ കുടംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി. ലോക ഹോസ്പിസ് ആന്റ് പാലിയേറ്റീവ് കെയർ ദിനത്തിൽ തിരുവനന്തപുരത്ത് കോഴ്സിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
രോഗം മൂലവും പ്രായാധിക്യത്താലും പ്രയാസം അനുഭവിക്കുന്നവർക്ക് സാന്ത്വനമേകാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോൾ – കേരളയുടെ നേതൃത്വത്തിൽ ഈ രംഗത്ത് ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച ഹോം നഴ്‌സുമാരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്സിങ് കെയർ എന്ന കോഴ്‌സിന് തുടക്കം കുറിക്കുന്നത്.
ജനസംഖ്യയിൽ മുപ്പത് ശതമാനത്തിലധികം വയോജനങ്ങളുള്ള നമ്മുടെ സമൂഹത്തിൽ ഇവരുടെ പരിരക്ഷയും പരിചരണവും സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. 2023 ൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ്സ് റിപ്പോർട്ടിൽ ഇക്കാര്യം ഏറെ പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച ഹോം നഴ്‌സുമാരെ സൃഷ്ടിച്ച് സാന്ത്വന പരിചരണം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സ്‌കോൾ കേരളയുമായി സഹകരിച്ച് പുതിയ കോഴ്‌സ് ആരംഭിക്കുന്നതിന് പ്രോഗ്രസ് റിപ്പോർട്ടിലൂടെ സർക്കാർ ബൃഹത്തായ ഒരു ആശയമാണ് മുന്നോട്ടു വെച്ചത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം സമാനതകളില്ലാത്ത പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണ്. കേരള സംസ്ഥാനത്തെ ആരോഗ്യരംഗവും പൊതുജനാരോഗ്യ മേഖലയും ഇന്ന് ലോക മാതൃകയാണ്.ഈ സന്ദർഭത്തിലാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് ഇത്തരത്തിൽ കോഴ്‌സ് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്നത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്‌കോൾ കേരളയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ ഇടപെടലുകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. പുതുതായി മൂന്ന് കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ, നഴ്‌സുമാർ, പാലിയേറ്റീവ് കെയർ വോളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കോഴ്‌സിന്റെ മൊഡ്യൂളും സിലബസും തയാറാക്കിയത്.
എൻ.എസ്.എസ്, എസ്.പി.സി. തുടങ്ങിയ ഏജൻസികളും യുവജനങ്ങളും ഇതിൽ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. കേരളം മുന്നോട്ടു വെയ്ക്കുന്ന സാന്ത്വന പരിചരണം എന്ന ബൃഹത്തായ ആശയം നടപ്പാക്കാൻ ശാസ്ത്രീയമായ അറിവ് പാലിയേറ്റീവ് രംഗത്ത് നേടേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ അഡ്വ. ആന്റണിരാജു അധ്യക്ഷത വഹിച്ചു. മന്ത്രി വീണജോർജ് മുഖാഥിതിയായി. സ്കോൾ-കേരള വൈസ് ചെയർമാൻ ഡോ.പി. പ്രമോദ് സ്വാഗതം പറഞ്ഞു.












