തിരുവനന്തപുരം > ജലപീരങ്കിയും കണ്ണീർവാതക പ്രയോഗവും ഇതാദ്യമല്ലെന്നും പൊലീസ് നടപടി ഏറെ നേരിട്ടത് ഇടതുപക്ഷ പ്രവർത്തകർ ആണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരമാകുമ്പോൾ പൊലീസ് നടപടി ഉണ്ടാകും. അതിനെ പെരുപ്പിച്ച് കാണിക്കുകയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ചില എസ്എഫ്ഐ പ്രക്ഷോഭങ്ങളും അതിനെ പൊലീസ് നേരിട്ട രീതിയും ഓർമപ്പെടുത്തുകയാണ്. കേരള യൂണിവേഴ്സിറ്റി അഴിമതി വിവാദത്തിൽ നടന്ന സമരത്തിൽ സെനറ്റ് ചേംബറിൽ സുരേഷ് കുറുപ്പ്, വി ശിവൻകുട്ടി, ബിനോയ് വിശ്വം തുടങ്ങി നിരവധി പേർക്ക് ക്രൂര മർദ്ദനമേറ്റത് ചരിത്രത്തിന്റെ ഭാഗമാണ്. 1993 ഓഗസ്റ്റിലെ പ്രക്ഷോഭത്തിൽ വി ജോയിയുടെ കഴുത്തിൽ പൊലീസുകാരൻ ചവിട്ടി നിൽക്കുന്ന ദൃശ്യം ഇപ്പോഴും പൊതുമണ്ഡലത്തിൽ ഉണ്ട്. പൊലീസ് ആക്ഷനിൽ ഗീനാകുമാരിയെ ക്രൂരമായി മർദിച്ചതിന്റെ ഫോട്ടോയും ഇവിടുണ്ട്.
1994 നവംബർ 25 ലെ കൂത്തുപറമ്പ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് അഞ്ചു പേരാണ്. പുഷ്പൻ ആ സംഭവത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്ന് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ ലാത്തി ചാർജ്ജിന് ശേഷം സ്റ്റേഷനിലെത്തിച്ച് തുണിയിൽ പൊതിഞ്ഞ കതിനക്കുറ്റികൊണ്ടുള്ള പൊലീസ് മർദ്ദനം ഇപ്പോൾ മന്ത്രിയായ പി രാജീവിനെതിരെ ആയിരുന്നു – മന്ത്രി ചൂണ്ടിക്കാട്ടി.
പാലക്കാട് എസ് പി ഓഫീസ് മാർച്ചിനിടെ ശിവദാസ മേനോനും എൻ എൻ കൃഷ്ണദാസിനുമടക്കം കൊടിയ മർദ്ദനമാണ് ഏറ്റത്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിൽ പൊലീസ് നടപടിയെ തുടർന്ന് വി എസ് അച്യുതാനന്ദനും സി ദിവാകരനും അടക്കമുള്ളവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 2001 നും 2006 നും ഇടയിൽ ക്രൂരമായ വിദ്യാർത്ഥി വേട്ടയാണ് നടന്നത്. ഇലക്ട്രിക് ലാത്തിയടക്കമാണ് വിദ്യാർത്ഥികൾക്ക് നേരെ പ്രയോഗിച്ചത്. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നരനായാട്ട് നടത്തിയപ്പോൾ മണ്മറഞ്ഞ കോടിയേരി ബാലകൃഷ്ണൻ നേരിട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾക്കൊപ്പം നിന്ന സംഭവം ഇപ്പോഴും ജ്വലിക്കുന്ന ഓർമയാണ്.
നിർമ്മൽ മാധവ് പ്രശ്‌നത്തിൽ കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ഉപരോധ സമരത്തിന് നേരെ കോഴിക്കോട് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ രാധാകൃഷ്ണപ്പിള്ളയുടെ സർവ്വീസ് റിവോൾവറിൽ നിന്ന് നാല് റൗണ്ടാണ് വെടിയുതിർത്തത്. രജനി എസ് ആനന്ദ് വിഷയത്തിൽ സിന്ധു ജോയി, എം ബി ഷൈനി, നമിത തുടങ്ങി എണ്ണമറ്റ വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായ പൊലീസ് നടപടിയുണ്ടായി.
ഇങ്ങിനെ എത്രയെത്ര സംഭവങ്ങൾ. പേരെടുത്ത് പറയാത്ത എത്രയേറെ പേർ വേട്ടയാടപ്പെട്ടുവെന്നും ഇതെല്ലാം യുഡിഎഫ് ഭരണകാലത്ത് ആയിരുന്നുവെന്നും ഓർക്കണം. ഇങ്ങിനെ സമരചരിത്രമുള്ള കേരളത്തിലാണ് ഒരു കൂട്ടം ആൾക്കാർ വെള്ളം ചീറ്റി, ശബ്ദം കേട്ടു എന്നൊക്കെ പറഞ്ഞ് വധശ്രമം എന്ന് അലമുറയിടുന്നത്. കോൺഗ്രസിന്റെ കാപട്യം വെളിവാക്കുന്നതാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കാര്യങ്ങൾ. നവകേരള സദസ്സ് കോൺഗ്രസിനെ എത്രമാത്രം ഭയപ്പെടുത്തുന്നു എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകൾ എന്നും മന്ത്രി ചൂണ്ടിക്കാട്ടി