തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഫലിതബിന്ദുക്കളിലെ ഇന്നത്തെ വാചകമാണതെന്നാണ് ശിവന്‍കുട്ടിയുടെ പരിഹാസം. ”ഫലിതബിന്ദുക്കള്‍:- ഇന്നത്തെ വാചകം. അധികം വൈകില്ല, കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും.”-ശിവന്‍കുട്ടി പറഞ്ഞു. അധികം വൈകാതെ കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. വരും ദിവസങ്ങളില്‍ കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ്, സിപിഐഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയിലേക്ക് മക്കള്‍ മാത്രമല്ല, കാരണവന്മാരും വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണനും പറഞ്ഞു. അനില്‍ ആന്റണി ബിജെപിയിലേക്ക് വന്നത് വലിയ മുതല്‍ക്കൂട്ടാണ്. ഇടതുപക്ഷത്ത് നിന്നും ആളുകള്‍ ബിജെപിയിലേക്ക് വരുമെന്ന് രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം കേരളത്തില്‍ ഗുണകരമായുള്ള മാറ്റത്തിന് വഴിയൊരുക്കുമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. നരേന്ദ്ര മോദിയുടെ നയങ്ങള്‍ അംഗീകരിച്ചാണ് അദ്ദേഹത്തിന്റെ മാറ്റം. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനില്‍ ആന്റണിയുടെ പാത പിന്തുടരണമെന്ന് പറഞ്ഞ കെ കൃഷ്ണദാസ്, കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്, പെട്ടന്ന് രക്ഷപെട്ടാല്‍ എല്ലാവരും രക്ഷപ്പെടുമെന്നും പരിഹസിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ‘യുവം’ സമ്മേളനത്തില്‍ മോദിക്കൊപ്പം അനില്‍ ആന്റണിയും പങ്കെടുക്കും. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്റെ പാര്‍ട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം. എ കെ ആന്റണിയുടെ മകനെ കേരളത്തില്‍ ബിജെപി എങ്ങനെയാകും രംഗത്തിറക്കുക എന്ന ആകാംക്ഷ ഇന്നലെ മുതല്‍ ഉണ്ടായിരുന്നു. മോദിക്കൊപ്പം തന്നെ വന്‍ പ്രാധാന്യത്തോടെ അനിലിനെ അവതരിപ്പിക്കാനാണ് ബിജെപി തീരുമാനം. യുവാക്കളുമായുള്ള കൊച്ചിയിലെ പ്രധാനമന്ത്രിയുടെ സംവാദ പരിപാടി യുവം നേരത്തെ നിശ്ചയിച്ചതാണ്. പക്ഷെ തിയതി 25 എന്ന് തീരുമാനിച്ചത് ഇന്നാണ്. യുവാക്കളുടെ പ്രതിനിധി എന്ന നിലയില്‍ അനില്‍ ആന്റണിയെ കൂടി വേദിയിലെത്തിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.