കോഴിക്കോട്∙ അടുത്ത കലോത്സവം ഏതു ജില്ലയിലായിരിക്കുമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കലോത്സവ മാനുവൽ പരിഷ്കരണം പൂർത്തിയാക്കിയ ശേഷമേ അടുത്ത വർഷത്തെ കലോത്സവം ഏതു ജില്ലയിലാണ് നടക്കുകയെന്ന് പ്രഖ്യാപിക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി. അടുത്ത തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം ലോക റെക്കോർഡ് അധികൃതരെ അറിയിച്ച് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഭക്ഷണ വൈവിധ്യത്തെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഇത്തവണ കുഞ്ഞുങ്ങൾക്ക് കോഴിക്കോട്ടെ ബിരിയാണി നൽകണമെന്ന ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണ കലോത്സവ മെനുവിൽ മാംസാഹാരവും ഉൾപ്പെടുത്തും. ഗോത്രവർഗ കലകളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് അടുത്ത കലോത്സവത്തിൽ തീരുമാനമെടുക്കും.സ്കൂൾ കലോത്സവ പ്രതിഭകൾ പിന്നീട് എവിടെയെത്തിയെന്ന അന്വേഷണം നടത്തുമെന്നും ശിവൻകുട്ടി പറഞ്ഞു. കോവിഡ് മഹാമാരി നമ്മെ തളച്ചിട്ട രണ്ട് വർഷങ്ങൾക്ക് ശേഷം നടന്ന കലോത്സവം ഏറെ മികവോടെ സംഘടിപ്പിക്കാൻ കഴിഞ്ഞു. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഈ മേള ഏറെ ശ്രദ്ധേയമായി. അക്കാര്യത്തിൽ സംഘാടക സമിതി ഏറ്റവും മികച്ച രീതിയിൽ ആണ് പ്രവർത്തിച്ചത്.സംഘാടക സമിതി ചെയർമാനും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനോടും അദ്ദേഹത്തിന്റെ ഓഫീസിനോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സ്കൂൾ കലോത്സവത്തെയും ടൂറിസത്തെയും പണ്ടെങ്ങുമില്ലാത്തവണ്ണം പരസ്പരം ബന്ധിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണെന്നും ശിവൻകുട്ടി പറഞ്ഞു.
കലോത്സവ മാനുവൽ പുതുക്കുന്നതോടൊപ്പം ജഡ്ജസിനെ തിരഞ്ഞെടുക്കുന്നതിനും കൂടുതൽ പരിഷ്കരണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. കലോത്സവങ്ങളെ കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തണം. കാണികളുടെ എണ്ണക്കൂടുതൽ മാത്രം ലക്ഷ്യംവച്ച് ആകരുത് ആ ജനകീയവൽക്കരണം. അടിസ്ഥാന തലംതൊട്ട് പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുക്കാനുള്ള സംവിധാനം ഉണ്ടാകും. ഇതൊന്നും ഒരു ദിവസം കൊണ്ട് ഉണ്ടാകും എന്നതല്ല പറയുന്നത്.എന്നാൽ അതിനുള്ള നിരന്തരശ്രമം ഉണ്ടാകും എന്ന് ഉറപ്പു പറയാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, വിദ്യാർഥിയായിരിക്കെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാടി താൻ ഒന്നാംസമ്മാനം നേടിയ ലളിതഗാനം പാടി കെ.എസ്.ചിത്ര. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനവേദിയിൽ പ്രസംഗിക്കവെയാണ് ചിത്ര തന്റെ കുട്ടിക്കാലത്ത് സമ്മാനം നേടിയ പാട്ട് ഓർത്തെടുത്ത് പാടിയത്.
‘‘ഓടക്കുഴലേ..ഓടക്കുഴലേ..
ഓമനത്താമരക്കണ്ണന്റെ ചുംബന
പൂമധു നുകർന്നവളേ..
രാഗണി നീയനുരാഗിണി മറ്റൊരു
രാധയോ രുഗ്മിണിയോ…’’ എന്ന ലളിതഗാനമാണ് ചിത്ര സദസ്സിലെ കുട്ടികൾക്കായി പാടിയത്.