തിരുവനന്തപുരം : ഹയർസെക്കണ്ടറി സേ പരീക്ഷ ജൂലൈ 25 മുതൽ നടത്തും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്‍റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി 2022ജൂലൈ 25 മുതല്‍ സേ(സേവ് എ ഇയര്‍)/ ഇംപ്രൂവ്മെന്‍റ് പരീക്ഷ നടത്തുന്നതാണെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വിശദമായ നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കുന്നതാണ്.
സംസ്ഥാനത്തെ ഈ വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷയിൽ 83.87 ശതമാനം വിജയം. വൊക്കേഷനൽ ഹയർസെക്കണ്ടറിയിൽ 78.26 ശതമാനമാണ് ജയം. രണ്ടിലും വിജയശതമാനം മുൻവർഷത്തെക്കാൾ കുറഞ്ഞു. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 87.94 ആയിരുന്നു. വിഎച്ച്എസ്ഇയിലെ വിജയശതമാനം മുൻവർഷം 79.62 ആയിരുന്നു. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് ജില്ലയിൽ (87.79) ആണ്. കുറവ് വയനാട്ടിൽ (75.07). 28450 പേർ എല്ലാറ്റിനും എ പ്ലസ് നേടി. 53 പേർക്ക് 1200 ൽ 1200 മാർക്ക് കിട്ടി. ചോദ്യം കടുകട്ടിയെന്നു പരാതി ഉയരുകയും ഉത്തരസൂചിക വിവാദവുമുണ്ടായ കെമിസ്ട്രിയിലെ വിജയ ശതമാനം 89.14 ആണ്. മുൻവർഷം 93.24 ആയിരുന്നു.
കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വർഷം വാരിക്കോരി മാർക്കിട്ടെന്ന പരാതി ഒഴിവാക്കാൻ എസ്എസ്എൽസിക്കെന്നെ പോലെ പ്ലസ് ടു വിലും തുടക്കം മുതൽ വിദ്യാഭ്യാസവകുപ്പ് കൂടുതൽ ജാഗ്രത കാണിച്ചിരുന്നു. ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതലിടക്കമുള്ള കടുംപിടത്തമാണ് ശതമാനം കുറയാൻ കാരണം. കെമിസിട്രി മൂല്യനിർണ്ണയ ക്യാമ്പിൽ പ്രതിഷേധിച്ച അധ്യാപകർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം ചോദ്യം തയ്യാറാക്കിയ അധ്യാപകൻ സെറ്റ് ചെയ്ത ഉത്തരസൂചികയിലും വിദഗ്ധസമിതി പിഴവ് കണ്ടെത്തിയിരുന്നു. എല്ലാം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.