തിരുവനന്തപുരം : ബുധനാഴ്ചയൊഴികെ ആഴ്ചയില്‍ ആറുദിവസവും ജനറല്‍/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാകും വാക്‌സിന്‍ നല്‍കുക. തിങ്കളാഴ്ചമുതല്‍ ജനുവരി പത്തുവരെ ഇത്തരത്തില്‍ വാക്‌സിന്‍ വിതരണംചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കുട്ടികളുടെ വാക്‌സിനേഷന്‍കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍കേന്ദ്രത്തിന് നീലനിറത്തിലുള്ള ബോര്‍ഡുണ്ടാകും. വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശനകവാടം, രജിസ്ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഈ നിറങ്ങളിലുള്ള ബോര്‍ഡുകളുണ്ടാകും. 15മുതല്‍ 18വരെ വയസ്സുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. തിങ്കളാഴ്ചമുതലാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക. കുട്ടികള്‍ക്ക് കോവാക്‌സിനാണ് നല്‍കുന്നത്. വാക്‌സിന്‍ നല്‍കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കും.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷനു പോകുന്നതായിരിക്കും നല്ലതെന്ന് അധികൃതര്‍ പറഞ്ഞു. രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് വാക്‌സിനേഷന്‍കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാദിവസവും ജനറല്‍/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും 18-നുമുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും തിങ്കള്‍, വ്യാഴം ദിവസങ്ങളിലാകും മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ നല്‍കുക.