തിരുവനന്തപുരം : ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്ന (School Reopening) സാഹചര്യത്തിൽ കുട്ടികളെ വരവേൽക്കാൻ സ്‌കൂളുകൾ എല്ലാ നിലയിലും സജ്‌ജമായി എന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധികൃതർക്ക് നിർദേശം നൽകി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു ജില്ലയിൽ നടത്തിയ (guidelines) മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും മെയ് 27 നകം പൂർത്തീകരിക്കണമെന്നു മന്ത്രി നിർദേശിച്ചു. സ്‌കൂളും പരിസരവും ശുചീകരിക്കണം. ക്ലാസ് മുറികൾ പ്രത്യേകം ശ്രദ്ധിക്കണം. ടോയ്‍ലെറ്റുകൾ, കളിസ്ഥലങ്ങൾ എന്നിവ ശുചിയായി സൂക്ഷിക്കണം. ശുചീകരണത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ ഉണ്ടെങ്കിൽ അവ ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കണം. അതിൽ കാലതാമസം വരുത്തരുത്. സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പെയിന്റിംഗ് എന്നിവ പൂർത്തീകരിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. കിണർ, വാട്ടർ ടാങ്ക് എന്നിവ അണുവിമുക്തമാക്കുകയും കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. അടുക്കളയും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കണം. പാചക തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് കാർഡ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന് ഉറപ്പാക്കണം. വാഹനത്തിലെ ജീവനക്കാരുടെ കാര്യത്തിലും പോലീസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. സ്കൂൾ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗതാഗത വകുപ്പിന്റെ ഇടപെടൽ ഉണ്ടാവണം. പ്രാദേശിക വാഹന സൗകര്യം ആവശ്യമാണെങ്കിൽ അത് ഏർപ്പാടാക്കണം.
ഇഴജന്തുക്കൾ ഉണ്ടാവാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും സാന്നിധ്യം ഇല്ലെന്നു ഉറപ്പു വരുത്തുകയും വേണം. ക്ലാസ് മുറികളിലോ പുറത്തോ ഇത്തരം മാളങ്ങളോ കുഴികളോ ഇല്ലാതിരിക്കാൻ സൂക്ഷിക്കണം. സ്‌കൂൾ പരിസരത്തു അപകടകരമായ മരങ്ങൾ ഉണ്ടെങ്കിൽ അവ മുറിച്ചു മാറ്റണം. അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ, സ്റ്റേ തുടങ്ങിയവ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് നടപടി സ്വീകരിക്കണം.
സ്‌കൂളുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് വിദ്യാർഥികളുടെ സഞ്ചാരത്തെയും പ്രവർത്തനങ്ങളെയും ഒരു തരത്തിലും ബാധിക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. വിദ്യാലയങ്ങൾക്കു സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ ട്രാഫിക് പോലീസിന്റെ സഹായം തേടുന്നുണ്ട്. സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരി പദാർഥങ്ങളുടെ വിൽപന ഇല്ലെന്ന് ഉറപ്പാക്കണം. ശ്രദ്ധയിൽ പെട്ടാൽ പോലീസിനെയും എക്സൈസിനെയും അറിയിക്കണം.
പന്ത്രണ്ട് മുതൽ 14 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സിൻ എടുക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണം. സ്‌കൂളിൽ ലഭിച്ച പാഠപുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യണം. ഉപജില്ലാ തലത്തിലും ഇത്തരത്തിലുള്ള യോഗങ്ങൾ ചേർന്ന് മുന്നൊരുക്ക പ്രവർത്തനം ആസൂത്രണം ചെയ്യണം. പി.ടി.എ, സ്റ്റാഫ് കൗൺസിൽ, എസ്.എം.സി, ക്ലാസ് പി.ടി.എ യോഗം ചേരണമെന്നും മന്ത്രി നിർദേശിച്ചു.