തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞാലുടൻ പ്രത്യേക ദൗത്യം വഴി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും മുന്നേറാതെ 12 നും 14 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളിലെ വാക്സിനേഷൻ . കോർബിവാക്സ് എടുക്കാനായി കുട്ടികളെത്താത്തതിനാൽ വാക്സീൻ വയലുകൾ പാഴായിപ്പോകുന്ന പ്രതിസന്ധിയിലാണ് ആരോഗ്യപ്രവർത്തകർ.
18 ന് മുകളിലുള്ളവരിലെ വാക്സിനേഷനും വൻതോതിൽ ഇടിഞ്ഞു. രണ്ടാം ഡോസ് വാക്സീൻ ഇനിയുമെടുക്കാത്തവർ 41 ലക്ഷത്തിലധികം പേരാണ്.12 നും 14 നും ഇടയിലുള്ള കുട്ടികൾക്കുള്ള വാക്സീനായ കോർബിവാക്സ് നൽകുന്ന പ്രധാന കേന്ദ്രങ്ങളിൽ പോലും വാക്സീനെടുക്കാൻ കുട്ടികളെത്തുന്നില്ല. അവധിദിനം കൂടിയായ ശനിയാഴ്ച്ച ചുരുക്കം കുട്ടികൾ മാത്രമാണ് വാക്സീനെടുക്കാനെത്തിയത്. മിക്കവരും ഉദ്ഘാടനദിവസം എടുത്തതിന്‍റെ തുടർച്ചയായ രണ്ടാം ഡോസുകാരാണ്. ആദ്യഡോസുകാർ ഇല്ലെന്ന് തന്നെ പറയാം.
പേരിൽ മാത്രമല്ല കോബിവാക്സിന് മാറ്റമുള്ളത്. മറ്റു വാക്സീനുകളിൽ ഒരു വയലിൽ പത്ത് ഡോസാണെങ്കിൽ കോർബിവാക്സിൽ അത് 20 ആണ്. 20 ഡോസുള്ള ഒരു വയൽ പൊട്ടിക്കാൻ അത്രയം കുട്ടികൾ വേണം. മതിയായ കുട്ടികളില്ലെങ്കിൽ തിരിച്ചയക്കേണ്ട സ്ഥിതി. ഇല്ലെങ്കിൽ പൊട്ടിച്ച വാക്സീൻ പാഴാകും. പരീക്ഷ കഴിഞ്ഞ് വെക്കേഷനായാൽ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പ്രത്യേക ദൗത്യം വഴി ഊർജിത വാക്സിനേഷനെന്നതായിരുന്നു 12 നും 14 നും ഇടയിലുള്ള കുട്ടികളുടെ കാര്യത്തിലുള്ള പ്രഖ്യാപനം. വാക്സിനേഷൻ മുന്നേറിയെന്ന് കാണിക്കാൻ 57,025 കുട്ടികൾ ഏപ്രിൽ 5 വരെ വാക്സീനെടുത്തെന്ന കണക്കും സർക്കാർ പറഞ്ഞു. അതിന് ശേഷം ഇന്നലെ വരെ നോക്കുമ്പോൾ 12,292 പേർക്ക് മാത്രമാണ് പുതുതായി വാക്സീൻ നൽകാനായത്. പ്രത്യേക പദ്ധതിയില്ലെങ്കിൽ തിരിച്ചടിക്കുമെന്നാണ് മേഖലയിൽ നിന്നുള്ള മുന്നറിയിപ്പ്. 18 വയസ്സിന് മുകളിലുള്ളവരില്‍ ആദ്യഡോസെടുത്ത 41,20,000 പേർ ഇനിയും രണ്ടാം ഡോസ് തന്നെ എടുത്തിട്ടില്ല. 12 ശതമാനത്തിലധികം പേർ. 2.6 ശതമാനം പേർ മാത്രമാണ് കരുതൽ ഡോസെടുത്തത്.