ന്യൂഡൽഹി : ഒമിക്രോൺ വകഭേദം വാക്സിൻ സ്വീകരിച്ചവരെയും സ്വീകരിക്കാത്തവരെയും ബാധിക്കുകയും കേസുകളുടെ എണ്ണം വർധിച്ചുവരികയും ചെയ്യുന്നുണ്ടെങ്കിലും ഒമിക്രോണിൽ നിന്ന് രക്ഷനേടാൻ വാക്സിനുകൾ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. രോഗികൾക്ക് അടിയന്തര പരിചരണം നൽകേണ്ട സാഹചര്യം വർധിക്കുന്നില്ലെന്നത് ശുഭസൂചനയാണെന്നും അവർ പറഞ്ഞു. ഒമിക്രോൺ വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് സൗമ്യ സ്വാമിനാഥൻറെ പ്രതികരണം പുറത്തുവന്നത്. ഒമിക്രോൺ കേസുകളുടെ സുനാമിയാണ് വരാനിരിക്കുന്നതെന്നും അത് ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ നിലംപരിശാക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് കഴിഞ്ഞ ദിവസം നൽകി. കൂടുതൽ വ്യാപനശേഷിയുള്ള ഒമിക്രോണും നിലവിൽ അിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ഡെൽറ്റയും ചേർന്ന് കോവിഡ് കേസുകളുടെ സുനാമിക്ക് വഴിവെച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.
ഇന്ത്യയിലും ഒമിക്രോൺ കേസുകൾ വർധിച്ചുവരികയാണ്. നിലവിൽ രോഗികളുടെ എണ്ണം 900-ത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കോവിഡിന്റെ കൂടുതൽ പേരെ ബാധിക്കുന്ന വകഭേദമായി ഒമിക്രോൺ ഉടൻ മാറുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ ആഫ്രിക്ക ഒഴികെയുള്ള മറ്റു ഭൂഖണ്ഡങ്ങളിലെല്ലാം വ്യാപകമായ കോവിഡ് വകഭേദം ഡെൽറ്റയാണെന്ന് സിംഗപ്പുരിൽനിന്നുള്ള വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം യു.എ.ഇയിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആറും ഹോം ക്വാറന്റീനും നിർബന്ധമാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ(ബി.എം.സി.). ദുബായ് ഉൾപ്പെടെ യു.എ.ഇയിൽനിന്ന് വിമാനം കയറുന്നവരും മുംബൈയിലെ താമസക്കാരുമായ എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കുമാണ് ഈ നിബന്ധന ബാധകം.