കോഴിക്കോട്: വചനം ബുക്സ് സാഹിത്യകാരനായ നാരായന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ദലിത് എഴുത്തുകാരനും ചിന്തകനും ആക്റ്റിവിസ്റ്റുമായ കെ.കെ. കൊച്ചിന്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി ആദ്യ വാരം കോഴിക്കോട് വെച്ച് സമ്മാനിക്കും. അവാർഡ് കമ്മിറ്റി ചെയര്‍മാന്‍ പെരുംമ്പടവം ശ്രീധരനും അംഗങ്ങളായ പി.കെ പറക്കടവ്, കെ.ഇ.എന്‍, പി.കെ പോക്കര്‍ എന്നിവരാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഇന്ത്യയിലെ ദലിത് കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത വ്യക്തിയാണ് കെ.കെ. കൊച്ച്. കേരള ചരിത്രവും സമൂഹ രൂപീകരണവും, ദലിത് പാഠം, കലാപവും സംസ്കാരവും ദേശീയതക്കൊരു ചരിത്രപാഠം മുതലന്‍വയാണ് പ്രധാന കൃതികൾ. ആത്മ കഥയായ ദലിതന്‍ ഏറെ ശ്രദ്ധ നേടി.
ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യമായി മലയാള ഭാഷയില്‍ സാഹിത്യാവിഷ്കാരം നടത്തിയ എഴുത്തുകാരനാണ് നാരായൻ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഊരാളിക്കുടി, തോല്‍ക്കുന്നവര്‍ ആരാണ്,വന്നലകള്‍, ഈ വഴിയില്‍ ആളേറെയില്ലേ, മുതലായ പന്ത്രണ്ടോളം നോവലുകളും, അഞ്ജു കഥാസമാഹാരങ്ങളും ഇറക്കിയിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ ഡോ.പി.കെ. പോക്കർ, പി.കെ. പാറക്കടവ്, അബ്ദുല്ലക്കോയ കണ്ണങ്കടവ് എന്നിവർ പങ്കെടുത്തു.