പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ഉടമക്ക് രണ്ട് തവണ സന്ദേശം ലഭിച്ചുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത്. അപകടമുണ്ടാവുമ്പോൾ മണിക്കൂറിൽ 97 കിലോ മീറ്ററായിരുന്നു ബസിന്റെ വേഗം. വാഹനത്തിന്റെ സ്പീഡ്ഗവേർണർ സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.
വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ പരമാവധി 80 കിലോ മീറ്റർ വേഗമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇതുമാറ്റി പരമാവധി വേഗം 100 കിലോ മീറ്ററാക്കി വർധിപ്പിച്ചിട്ടുണ്ട്. ലൈറ്റിങ്ങിൽ ഉൾപ്പടെ നിരവധി മാറ്റങ്ങൾ ബസ് വരുത്തിയിട്ടുണ്ട്.
കുട്ടികളുടെ വിനോദയാത്രക്കായി രൂപമാറ്റം വരുത്തിയ ബസുകളാണ് പല വിദ്യാലയങ്ങളും ആവശ്യപ്പെടുന്നത്. വിനോദയാത്രക്ക് മുമ്പ് ബസുടമകളും സ്കൂൾ അധികൃതരും ജാഗ്രത പാലിക്കണമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശിച്ചു.