വടകര: കരൾമാറ്റ ശസ്ത്രക്രിയക്ക് 16കാരി സഹായം തേടുന്നു. മണിയൂർ പഞ്ചായത്തിലെ മുതുവന മണങ്ങാട്ട് ചാലിൽ സുരേഷ്-രമ ദമ്പതികളുടെ 16 വയസ്സുള്ള മകൾ അഭിരാമിയാണ് ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 30 ലക്ഷം രൂപ ചെലവാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്വന്തമായി കിടപ്പാടംപോലുമില്ലാത്ത ഈ കുടുംബത്തിന് കുട്ടിയുടെ ചികിത്സ നടത്താൻ കഴിയാത്ത സാഹചര്യമാണ്.
ശസ്ത്രക്രിയ നടത്തി കുടുംബത്തിന്റെ കണ്ണീരൊപ്പാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചതായി കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സഹായങ്ങൾ ആക്സിസ് ബാങ്ക് വടകര ശാഖയിലെ 923010016847380 എന്ന അക്കൗണ്ട് നമ്പറിൽ (IFSC CODE: UTIB 0001095) അയക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കമ്മിറ്റി ചെയർമാൻ പി.ടി.കെ. മുഹമ്മദലി, കൺവീനർ കെ.പി. രാജൻ, ട്രഷറർ പി. ഇസ്മായിൽ, ബിജിത്ത് ലാൽ തെക്കേടത്ത്, കെ. ലിനീഷ്, ആർ.എം. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.