കോഴിക്കോട്: വടകരയിലെ സജീവൻ്റെ മരണത്തിൽ എസ്ഐ എം.നിജേഷ് ഉൾപ്പടെ മൂന്ന് പോലിസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്. മൊഴിഎടുക്കാൻ അന്വേഷണസംഘത്തിന് മുൻപിൽ ഉടൻ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. സസ്പെൻഷനിലുള്ള എസ്ഐ എം. നിജേഷ്, എഎസ്ഐ അരുൺ കുമാർ, സിപിഒ ഗിരീഷ് എന്നിവർ അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. മൂവരും ഒളിവിലാണ്. തുടർന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. അതേസമയം സജീവൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അതിലേക്ക് നയിച്ച കാരണങ്ങൾ, സജീവൻ്റെ ശരീരത്തിലെ പരിക്കുകൾ എന്നിവ സംബന്ധിച്ചുള്ള പൊലീസ് സർജൻ്റെ വിശദമായ മൊഴി എന്നിവ അടുത്ത ദിവസം രേഖപ്പെടുത്തും.
കസ്റ്റഡിയിലെടുത്ത സജീവൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തൽ. ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇനി അറിയേണ്ടത്. കൈമുട്ടുകൾ രണ്ടും ഉരഞ്ഞ് പോറലേറ്റ നിലയിലാണ്. കൈ വിരലുകളിൽ ക്ഷതമുണ്ടെന്നും മുതുകിൽ ക്ഷമേറ്റതിന് സമാനമായ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുമുണ്ട്. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം സർജ്ജന്‍റെ മൊഴികൂടി രേഖപ്പെടുത്തിയാലേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് അന്വേഷണ സംഘം അറിയിച്ചു. സജീവന്‍റെ ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്.
കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സംഭവ ദിവസം സജീവനെ പരിശോധിച്ച വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ആശുപത്രിയില്‍ എത്തിക്കും മുന്‍പ് സജീവന്‍ മരിച്ചിരുന്നതായി ഡോക്ടര്‍ മൊഴിനല്‍കി. ജൂലൈ 20 മുതൽ 25 വരെയുളള വടകര പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട് . സ്റ്റേഷനിലെ കംപ്യൂട്ടർ ഹാർഡ് ഡിസ്കിൽ നിന്നും വിവരങ്ങളെടുക്കും.
സജീവനെതിരെ കേസ്സെടുത്ത് മരണത്തിന് മുമ്പാണോ, ശേഷമാണോ എന്നതുൾപ്പെടെ അറിയാൻ വേണ്ടിയാണിത്. സജീവനെ കഴിഞ്ഞ മാസം 21ന് കസ്റ്റഡിയലെടുത്തത് വാഹനാപകടകേസുമായി ബന്ധപ്പെട്ടായിരുന്നു .കേസില്‍ ഒരു എസ് ഐ ഉള്‍പ്പെടെ നാല് പേര്‍ സസ്പെന്‍ഷനിലാണ്. ബന്ധുക്കളുൾപ്പെടെ 26 സാക്ഷികളുടെ മൊഴി അന്വേഷണ സംഘം ഇതുവരെ രേഖപെടുത്തി.