കോഴിക്കോട്: വടകരയിൽ ബൈക്കിൽ ലോറിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം. വടകര താഴെ അങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബാണ് (41) മരിച്ചത്. ദേശീയപാതയിൽ ചോറോട് ഓവർബ്രിഡ്ജിനു സമീപം ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഹസീബ് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹസീബ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂന്നാഴ്ച മുമ്പ് വിദേശത്ത് നിന്നെത്തിയ ഹസീബ് അടുത്ത മാസം തിരികെ പോകാനിരിക്കെയാണ് അപകടം തട്ടിയെടുത്തത്.
മാഹിയിലെ ഭാര്യ വീട്ടിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. ഇതിനിടെ മലപ്പുറത്ത് മുണ്ടുപറമ്പിൽ നിയന്ത്രണം വിട്ട ലോറി കാറിനെയും ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചത ദൃശ്യങ്ങള്‍ ഇന്ന് നാടിനെയാകെ നടുക്കിയിരുന്നു. അപകടത്തിൽ മൂന്നു പേർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9:50 നാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു പിന്നോട്ടെടുത്തുകൊണ്ടിരുന്ന കാറിൽ ആദ്യം ഇടിക്കുകയായിരുന്നു.
സ്‌കൂട്ടർ യാത്രക്കാരനും തൊട്ടടുത്ത വർക്ക് ഷോപ്പിൽ നിർത്തിയിട്ട കാറും പിന്നാലെ അപകടത്തിൽപ്പെട്ടു. ലോറിയിൽ ഉണ്ടായിരുന്ന സാധങ്ങളുടെ അടിയിലും വാഹനത്തിലും കുടുങ്ങിപ്പോയ രണ്ടു പേരെ നാട്ടുകാരും ഫയർഫോഴ്‌സും എത്തിയാണ് പുറത്തെത്തിച്ചത്. സ്‌കൂട്ടർ യാത്രക്കാരനെ പത്ത് മിനിറ്റ് ശ്രമത്തിന് ശേഷമാണ് പുറത്തെത്തിക്കാനായത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
കൊട്ടാരക്കര-അടൂർ റോഡിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരണപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറും പാർസൽ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ തൃശ്ശൂർ സ്വദേശി ശരണിനെ (30) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.