തിരൂർ: മലപ്പുറം വളാഞ്ചേരിയിൽ 23കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ബന്ധു ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടയൂർ സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിത്തൊടി ശശികുമാർ (37), താമിത്തൊടി പ്രകാശൻ (38) എന്നിവരെയാണ് തിരൂർ ഡിവൈ.എസ്.പി പി.പി. ഷംസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ സുനിൽ ബലാത്സംഗത്തിനിരയായ യുവതിയുടെ ബന്ധുവാണ്.
ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം. മാതാവിന്‍റെ അമ്മയുടെ വീട്ടിലാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. യുവതിയുടെ മാതാപിതാക്കളുടെ വിയോഗത്തെ തുടർന്ന് അമ്മൂമ്മയോടൊപ്പം എടയൂരിലെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. 16-ാം തീയതി രാത്രി 11 മണിയോടെ മദ്യപിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് സുഹൃത്തുക്കൾ തന്നെയാണ് വിഷയം പൊലീസിൽ അറിയിച്ചതും. വ്യാഴാഴ്ച വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിക്ക് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസിലെ ഒന്നാം പ്രതി സുനിലിനെയും രണ്ടാം പ്രതി ശശിയെയും എടയൂരിൽ നിന്നും മൂന്നാം പ്രതി പ്രകാശനെ പാലക്കാട് വെച്ചും പിടികൂടുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡും വളാഞ്ചേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിരൂർ ജില്ല ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തു.