ആലപ്പുഴ: വലിയഴീക്കൽ ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്ന് വീഴുന്നത് കുട്ടികളെയും അധ്യാപകരെയും ആശങ്കയിലാഴ്ത്തുകയാണ്. കെട്ടിടം ഉടൻ അറ്റകുറ്റപണി നടത്തണമെന്ന് പിടിഎ ആവശ്യപ്പെട്ടു.
2009 ൽ പണികഴിപ്പിച്ച സ്കൂൾ കെട്ടിടത്തിൽ നിന്നാണ് കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുന്നത്. ഈ അപകട കെണി താണ്ടി വേണം വിദ്യാർത്ഥികൾക്ക് ശുചിമുറിയിലേക്ക് ഉൾപ്പടെ എത്താൻ. അധികാരികളെ വിവരം അറിയിച്ചെങ്കിലും ആശങ്കയ്ക്ക് പരിഹാരമായിട്ടില്ല.
സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2013 ൽ നിർമാണം ആരംഭിച്ച പുതിയ സ്കൂൾ കെട്ടിടത്തിന്‍റെ പണി പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാരൻ പോയി. ഒരു നില പൂർത്തിയാക്കിയെങ്കിലും നിർമാണം ആശാസ്ത്രീയമാണ്. സ്കൂൾ ബസ് കട്ടപ്പുറത്താണ്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ അധികൃതർ തയ്യാറാകാത്തതിനാൽ കുട്ടികളുടെ എണ്ണത്തിലും കുറവ് ഉണ്ടാകുന്നതായി മാതാപിതാക്കൾ പറയുന്നു.