പാലക്കാട്: ഷൊര്‍ണൂരില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. വന്ദേഭാരത് എക്‌സപ്രസിന്റെ ഉദ്ഘാടന ദിവസമായ ഏപ്രില്‍ 25 ന് ഷൊര്‍ണൂരില്‍ ട്രെയിന്‍ തന്നെ തടയാനാണ് തീരുമാനം. അയച്ച കത്തിന് മറുപടി പോലും നല്‍കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എം പി ആരോപിച്ചു. ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിന് റെയില്‍വേ ഉന്നയിച്ച കാരണം വേഗതയെ ബാധിക്കുമെന്നാണ്. ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ തന്നെ വള്ളത്തോള്‍ നഗര്‍ മുതല്‍ കാരക്കാട് വരെ 15 കി. മീ. വേഗതയിലാണ് ട്രെയിനിന് പോകാന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ വേഗത കുറയുന്നുവെന്ന കാരണം അംഗീകരിക്കാന്‍ ആവില്ലെന്ന് എം പി ചൂണ്ടിക്കാട്ടി.
അതേസമയം വന്ദേഭാരത് എക്‌സപ്രസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം.